the digital signature of the temple city

പി കുഞ്ഞിരാമൻ നായർ; ഭാർഗ്ഗവ ക്ഷേത്രത്തിലെ ഭാരതീയതയുടെ മഹാകവി

- Advertisement -[the_ad id="14637"]

തിരുവനന്തപുരത്തെ സിപി സത്രത്തിലെ പതിനൊന്നാം നമ്പര്‍ മുറിയില്‍ 1978 മേയ് 27ന് രാത്രിയാണ്‌ മഹാകവി പി കുഞ്ഞിരാമൻ നായർ അന്തരിച്ചത്‌.. 1906 ഒക്ടോബർ 25ന് കാഞ്ഞങ്ങാട്ട്, പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായാണ് പി. കുഞ്ഞിരാമൻ നായർ ജനിച്ചത്. ചെറുപ്പത്തിലേ സംസ്കൃതം അഭ്യസിച്ച അദ്ദേഹം പതിനാലാം വയസിൽ കവിതയെഴുതിത്തുടങ്ങി. പട്ടാമ്പി, തഞ്ചാവൂർ എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു.

സനാതനമായ ദർശ്ശനങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം, ഈ ജീവിതം നശ്വരമാണെന്നും ഒരുനാൾ വിട്ടുപോകേണ്ട ആളാണെന്നും കവി മുന്നേ തിരിച്ചറിഞ്ഞിരുന്നു. ആ ഋഷി കവി ഇങ്ങനെ എഴുതി

“നമസ്‌കാരം ഭൂതധാത്രി

തായേ പോയിവരട്ടെയോ

ഭൂഗോള മുറിതന്‍ താക്കോല്‍

തിരിച്ചേല്‍പ്പിച്ചിടുന്നു ഞാന്‍”

മലയാളത്തിന്റെ മഹാകവി ഭൂതധാത്രിക്ക്‌ തന്റെ ജീവിതമുറിയുടെ താക്കോൽ തിരിച്ചു കൊടുത്തിട്ട്‌ 46വർഷം പിന്നിടുന്നു..

വളരെ യാദൃശ്ചികമെന്ന് പറയട്ടെ ഇന്ന് ഞാൻ പി യുടെ സ്വന്തം തിരുവില്വാമലയിൽ നിളാതീരത്തിരുന്നാണ്‌ ഈ കുറിപ്പെഴുതുന്നത്‌.പി.കുഞ്ഞിരാമന്‍ നായരെ സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത് കാളിദാസന് ശേഷം പിറന്ന കവി എന്നായിരുന്നു. ആധുനികകാല കവികളിൽ അടിമുടി കവിയായ ഒരാളേയുള്ളു. പി. കുഞ്ഞിരാമൻ നായർ എന്ന് എം. ലീലാവതി ഒരിക്കലെഴുതി.

ആദ്ധ്യാത്മികതയും, ദേശീയതയും വിരഹവേദനയും ഗൃഹാതുരതയും കാൽപനികതയും ഇത്രമേൽ ഒരുമിച്ച്‌ കൈകാര്യം ചെയ്ത മറ്റൊരു കവിയെ നമുക്ക്‌ കേരളത്തിൽകാണാനാകില്ല.

സ്വാമി വിവേകാന്ദനെ കുറിച്ച് മഹാകവി ഇങ്ങനെ എഴുതി,

“ഓർക്കുവിൻ സൂര്യോദയത്തോടൊപ്പം

അനശ്വര സംസ്കാരത്തിടമ്പിനെ

ജീവിത നേതാവിനെ

ഈ വീര യുവാവിനെ ക്ഷണിയ്‌ക്കൂ

സമുന്നത ജീവിത സൗധ ശിലാസ്ഥാപനത്തിനു നിങ്ങൾ.’

ഭാരതം അതിന്റെ സമുന്നതമായ ജീവിത സൗധം കെട്ടിപൊക്കാൻ തുടങ്ങുന്ന നാളുകളിൽ അതിന്റെ ശിലാസ്ഥാപനം നടത്താൻ ലോകാരാധ്യനയ സ്വാമിവിവേകാനന്ദൻ മുനോട്ടു വെച്ച ചിന്തകൾക്ക്‌ മാത്രമേ സാധിക്കൂ എന്ന് കവിക്ക്‌ ഉറപ്പുണ്ടായിരുന്നു.

ചൈനീസ്‌ അധിനിവേശക്കാലത്ത്‌ മഹാകവി പി കുഞ്ഞിരാമൻ നായർ എഴുതിയ് നരബലി കവിതയിലെ വരികളാണ്‌ ഇത്‌.

“തരിക്കില്ല മനം തെല്ലും

പകയ്‌ക്കാ രണഭൂമിയിൽ .

മരിക്കും ഞാൻ നിനക്കായ്

മംഗളാദർശദേവതേ”

രാഷ്ടത്തിനു വേണ്ടിയുള്ള പോരാട്ട ഭൂമിയിൽ തന്റെ മനം ഒരു തെല്ലുപോലും തരിക്കില്ല എന്നും , ഭാരതാംബയെ മംഗളാദർശ്ശ ദേവതയായ്‌ കവി ദർശ്ശിക്കുന്നു.

കേരളഗാന്ധി കെ കേൾപ്പനെ അനുസ്‌മരിച്ചെഴുതിയ വരികൾക്കിടയിൽ പഴശ്ശിയും വേലുത്തമ്പിയും ശിവജിയും റാണാ പ്രതാപും സ്ഥാനം പിടിച്ചിരുന്നു.

ആ വരികൾ ഇപ്രകാരമാണ്‌….

“ഭാരതത്തിന്റെ വീരസന്താനമേ,ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാൽ കടലുംമലയും കാക്കുന്ന ഈ ഭൂമി — കോട്ടയം ശക്തന്റെയും വേലുത്തമ്പിയുടെയും ശിവജിയുടെയുംപ്രതാപന്റെയും ചെഞ്ചോര കുങ്കുമമർപ്പിച്ചഭൂമി, ഈ അമ്മ അങ്ങയുടെ വീരജാതകക്കുറിമറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മലവൈള്ളത്തിൽ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെമരിക്കാത്ത ഹ്യദയസ്പന്ദനം — അതായിരുന്നു കേളപ്പൻ, ആ പുണ്യഗുരുപാദങ്ങളിലിതാഗാന്ധിഭാരതത്തിന്റെ മഹാവീരചക്രം..”

മലയാളവും, നിളയും, ഭാരതാംബയും, കൊല്ലൂരെ മൂകാംബികയും മഹാകവിക്ക്‌ ഒന്നായിരുന്നു, പ്രിയപ്പെട്ടതായിരുന്നു.

നിളതടത്തിലാണ്‌ കവി എഴുതിയതും, അലഞ്ഞതും, ജീവിതം ചിലവഴിച്ചതും. പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, തിരുവില്വാമല, കൊല്ലങ്കോട്‌ ഒക്കെ കവിയുടെ കാൽപാദം പതിഞ്ഞഇടങ്ങളാണ്‌,

“ചന്ദനരേഖ തെളിഞ്ഞോരു കേതക

സിന്ദൂരരാഗം പകരുമധരവും

അഞ്ജനനീലമിഴിയും വിലാസവും

സുന്ദരവാസന്ത ശോഭ വിതറവേ

വാർകുഴൽക്കൊണ്ടലഴിഞ്ഞാടി,..”

(നിളാതടത്തിലെ രാത്രി) നിളയെ കുറിച്ച്‌ ഇത്രയധികം കവിതകൾ എഴുതിയ മറ്റൊരുകവിയെ നമുക്ക്‌ കാണാനാകില്ല.

“വിശ്വസാഹിത്യ പരിഷൽ സ്ഥിരാദ്ധ്യക്ഷതയേറ്റവൾ” എന്നാണ്‌ സാക്ഷാൽ ദേവി മൂകാംബിയേ കുറിച്ചെഴുതിയത്‌.

“പൊൻതാഴികക്കുടം ചൂടി-

നിൽക്കുന്നു ദേവപൂജതൻ

വാദ്യഘോഷം മുഴങ്ങുന്ന

വെളിച്ചത്തിന്റെയമ്പലം,”

ഇരുട്ടിനെ നിഗ്രഹിക്കുന്ന വെളിച്ചത്തിന്റെയമ്പല എന്നാണ് മഹാകവി പി മൂകാംബിക ക്ഷേത്രത്തെ വർണ്ണിച്ചത്‌.

“ചരിക്ക ചിത്തമേ,

സത്യകുടജാദ്രിതടത്തിൽ നീ

മയൂരനൃത്തമാടുന്ന സൗപർണ്ണതീരഭൂമിയിൽ

താഴട്ടെ ദൗഷ്ട്യമെ നിന്റെ തലയീപ്പുലർവേളയിൽ

സർവ്വജ്ഞപീഠം തഴുകും മംബികാചരണങ്ങളിൽ”

പി യുടെ ആത്മാവ്‌ ലയിച്ചു ചേർന്നതും ആ ആദിപരാശ്ക്തിയിൽ തന്നെയാകും, അതും കവി മുൻകൂട്ടി കണ്ടുകാണും, അദ്ദേഹം കവിതയിലെഴുതി..

“അലിഞ്ഞുചേരുകയാത്മാവേ

നവരാത്രി നിലാവില്‍..

എന്നും മാറിനില്‍ക്കുക രാവിന്റെ മഹിഷാസുര സൈന്യമേ

എഴുന്നെള്ളുകയായി അര്‍ക്കചക്രമുദ്ര ധരിച്ചവള്‍..”

കുത്തഴിഞ്ഞ ജീവിതമെന്ന് എല്ലാവരാലും വിമർശ്ശിക്കപ്പെട്ട വ്യക്തിയാണ്‌ പി. താൻ തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് ആ മഹാനുഭാവന്‌ സംശയം ഒന്നും ഇല്ലായിരുന്നു. പ്രപഞ്ച സൃഷ്ടിയുടെ പൊരുൾതേടിയലഞ്ഞ മഹാകവി തന്റെ ജീവിത വഴിയെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌ . കവിയുടെ വാക്കുകളിലൂടെ അത്‌ മനസിലാക്കാം.

“രണ്ടുവഴികളുണ്ട്‌. ഒന്ന് ലോകത്തെ സ്വസുഖത്തിനുവേണ്ടി ബലികഴിപ്പിക്കുക. മറ്റൊന്ന് സ്വസുഖത്തെ ലോകസുഖത്തിന്റെ അഗ്നികുണ്ഡത്തിൽ ഹോമികുക. ഏത് വഴി സ്വീകരിക്കണം? ഒന്നിന്റെ രാജ്യം സ്വാർത്ഥമാണ്‌. മറ്റേതിന്റെ രാജ്യം ത്യാഗവും. ഒന്നിന്റെ വഴി പിശാചുക്കളിരിക്കുന്ന ഇരുട്ടറയിലേക്ക്‌. രണ്ടാമത്തേത്‌ ചെന്നു ചേരുന്നതു പുഞ്ചിരികൊള്ളുന്ന മനുഷ്യർ നിറഞ്ഞ്‌ മൈതാന പരപ്പിലേക്ക്. ” മഹാകവി പി എഴുതിയവരികളാണ്‌. ‌

ആരേയും പിന്തുടരാതേയും വാചകങ്ങളിലും വീഴാതേയും മുന്നിലെ ദൂർഘടവഴിയിൽ സഞ്ചരിച്ച മഹാകവി നല്ല മനുഷ്യരുടെ ലോകം തേടിയലഞ്ഞു. തന്റെ നിത്യകന്യകയെ തേടി നിളതടത്തിലലഞ്ഞുമനുഷ്യന്റെ ജീവിതാവസ്ഥ മരുഭൂമിയിലെ ഒട്ടകത്തെ പോലെയെന്ന് കവി എഴുതി, ഓരോ മനുഷ്യനും അവൻ കടന്നു പോകുന്ന ജീവിതാവസ്ഥയെ കവി ഇപ്രകാരം അടയാളപ്പെടുത്തി..

“ശരിയാക്കുന്തോറും തെറ്റ്‌ കൂടിക്കൂടി വരുന്നു. അഴിക്കുംതോറും കെട്ടുകൾ മുറുകുന്നു. നീട്ടിവെക്കുന്തോറും കാൽപാടു പിഴക്കുന്നു. കാഴ്ചപാട്‌ മങ്ങുന്നു. ഇന്ന് ഞാൻ മരുഭൂമിയിലെ ഒട്ടകമാണ്‌. മുള്ള് കടിച്ച്തിന്ന് വായയാകെ മുറിഞ്ഞ്‌ ഒലിക്കുന്ന സ്വന്തം ചോര നുണക്കുന്ന ഓട്ടകം (കവിയുടെകാൽപാടുകൾ)

അനന്തൻകാടും, സൗന്ദര്യ പൂജയും,ദീപം, ശ്രീരാമചരിതം തുടങ്ങിയ കവിതകളിൽ അദ്ദേഹം ആദ്ധ്യാത്മികതയുടെ ഭാരതീയ തത്വശാസ്ത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ആത്മബോധത്തിന്റെ വെളിച്ചത്തിനായ്‌ പുറംതോട്‌ പൊട്ടണെ എന്ന് കവി പ്രാർത്ഥിക്കുന്നുണ്ട്‌.

“കണി കാണുക പൂമൊട്ടേ

പരം ജ്യോതിസ്സ്വരൂപനെ

സ്വബോധമെന്ന കൈനേട്ടം

തരും വിശ്വൈകബാന്ധവൻ ” സ്വബോധമെന്ന കൈനീട്ടത്തിനായ്‌ പരം ജ്യോതിസ്വരൂപനെ കണികാണാൻ നമ്മോട്‌ പറയുന്നു കവി!!!

മുപ്പത്തിയഞ്ചിലധികം കവിതാസമാഹാരങ്ങള്‍, പതിനേഴില്‍പ്പരം നാടകങ്ങള്‍, 6 കഥാഗ്രന്ഥങ്ങള്‍, 8 ജീവചരിത്രങ്ങള്‍, 5 ഗദ്യസമാഹാരങ്ങള്‍ എന്നിവയുടെ കര്‍ത്താവാണദ്ദേഹം. കവിതാസമാഹാരങ്ങളായ കളിയച്ഛന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും താമരത്തോണി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. കവിയുടെ കാല്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി എന്നീ ആത്മകഥകള്‍ ഏറെ പ്രശസ്തമാണ്. ഭാരതീയ കാവ്യദർശ്ശനം, സൗന്ദര്യ ദർശ്ശനം, പ്രപഞ്ച വീക്ഷണം, ആദ്ധ്യാത്മിക ചിന്താ ദർശ്ശനങ്ങൾ എന്നിവയെല്ലാം മഹാകവിയുടെ വരികളിൽ നമുക്ക്‌ കാണാം.

“മണ്ഡലമാസ പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ

മഞ്ഞണി രാവ് നിലാവ് വിരിയ്‌ക്കും പൂങ്കാവനമുണ്ടേ..”

എന്ന സൂപ്പർഹിറ്റ് അയ്യപ്പഭക്തിഗാനം രചിച്ചത് പി കുഞ്ഞിരാമൻ നായരാണ്

“എന്നു തിരിച്ചുവരും നീ , ജീവ-

സ്പന്ദമാമേകാന്തകോകിലമേ!

പ്രേമത്തിന്നദ്വൈതദീപ്തി ചൂടും

മാമല നാടിന്‍റെ പൊന്‍കിനാവേ ”

കവിയുടെ കാലപാടുകൾ ഈ തീരത്ത് നമുക്ക് കാണാം..ആ വെണ്മുകിൽ അലക്കിതേച്ച കുപ്പായമിട്ട്‌ ഇന്നും നിത്യകന്യകയായ തന്റെ കാമുകിയെ തേടി ഈ നിളാതടത്തിൽ അലയുന്നുണ്ടാകും.

എഴുതിയത്:

വിപിൻ കൂടിയേടത്ത്

94475 40901

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts