തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി താറുമാറാക്കിയ തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി. കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ വലിയ കുഴികൾ അടച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുന്നത്. ബിജെപിയുടെ 35 കൗൺസിലർമാരടങ്ങുന്ന സംഘമാണ് സ്കൂളിന് മുന്നിലെ കുഴികൾ മണ്ണിട്ട് മൂടി പ്രതിഷേധിക്കുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലുടനീളമുള്ള റോഡുകളിൽ വലിയ കുഴികൾ എടുത്തിരുന്നു. മാസങ്ങളായി ഈ കൂറ്റൻ കുഴികൾ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കിയിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. നഗരത്തിലെ തന്നെ വലിയൊരു ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്ന കോട്ടൺഹിൽ സ്കൂളിന് സമീപത്തെ റോഡുകളിൽ പദ്ധതിയുടെ പേരിൽ വലിയ കുഴികളാണ് എടുത്തിരിക്കുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുഴികൾ ഉണ്ടാക്കുന്ന അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
നഗരത്തിലെ മറ്റ് റോഡുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾക്ക് കൂടുതൽ മുൻഗണന നൽകുമെന്നും ബിജെപി നഗരസഭാ കൗൺസിലർമാർ പറഞ്ഞു. പരാതികൾ ഉയർന്നിട്ടും നഗരസഭയും മേയറും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും ഇവർ ആരോപിച്ചു.