ന്യൂഡൽഹി: ഇതുവരെ രാജ്യത്ത് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെ ജനങ്ങൾ ഇതുപോലെ അംഗീകരിക്കുന്നതോ അനുഗ്രഹിക്കുന്നതോ കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്‌ച്ചപ്പാടിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണസിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
” പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനങ്ങൾ ഇക്കുറി 400ൽ അധികം സീറ്റുകൾ നൽകും. കഴിഞ്ഞ 10 വർഷമായി വാരാണസി കാണുന്ന വികസനം ഇതേപോലെ തന്നെ മുന്നോട്ട് പോവുകയും ചെയ്യും. വാരാണസിയിൽ മാത്രമല്ല, രാജ്യത്തെ ജനങ്ങൾ ഒന്നാകെ അദ്ദേഹം അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇൻഡി സഖ്യം ഇതിൽ അസ്വസ്ഥരാണ്.
അഴിമതിക്കാരുടെ കൂട്ടായ്മയാണത്. വ്യാജപ്രചരണങ്ങൾ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിയെ രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം അവരുടെ ഹൃദയവും മനസും കീഴടക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ അനുഗ്രഹം പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഇതെല്ലാം ഇൻഡി സഖ്യത്തെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ അവർ പ്രധാനമന്ത്രിക്കെതിരെ ഉയർത്തുന്നത്.
ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിച്ച് കൊണ്ടാണ് അയോദ്ധ്യയിൽ ഇന്ന് രാമക്ഷേത്രം ഉയർന്നിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിച്ച് കൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്. പ്രതിപക്ഷം രാമക്ഷേത്രത്തിനെതിരെയും അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തുന്നു. എന്നാൽ ഭഗവാനെ അയോദ്ധ്യയിലേക്ക് തിരികെ എത്തിച്ച പ്രധാനമന്ത്രിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷം ഇപ്പോൾ മനസിലാക്കുന്നുണ്ട്. വികസനം നടപ്പാകണമെന്ന് ജനങ്ങൾ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എൻഡിഎ സർക്കാരിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും” പിയൂഷ് ഗോയൽ പറയുന്നു.