കോഴിക്കോട്: ബാർക്കോഴ കേസ് നിലനിൽക്കുമ്പോൾ സ്വകാര്യ ആവശ്യങ്ങൾക്ക് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് വിദേശത്തേക്ക് ടൂർ പോയത് നിരുത്തരവാദിത്വത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ മഴക്കെടുതി നാശം വിതയ്‌ക്കുമ്പോൾ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിലെ മന്ത്രിമാരെല്ലാവരും വിദേശയാത്രകൾ നടത്തുകയാണെന്ന് കെ സുരേന്ദ്രൻ തുറന്നടിച്ചു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ പലയിടത്തും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഒരു സ്ഥലത്തും ശുചീകരണം നടക്കുന്നില്ല. ഇതിനാൽ തന്നെ പകർച്ച വ്യാധികളും പടർന്നു പിടിക്കുന്നു. മഴക്കെടുതിയും ബാർക്കോഴ കേസും നിലനിൽക്കുമ്പോഴാണ് കേരളത്തിലെ മന്ത്രിമാർ വിദേശത്ത് സ്വകാര്യ ആവശ്യങ്ങൾക്കായി പോകുന്നത്.”- കെ. സുരേന്ദൻ പറഞ്ഞു.
തിരുവനന്തപുരം നഗരവും കൊച്ചിയുമുൾപ്പെടെ പലയിടങ്ങളും റോഡും വെള്ളക്കെട്ടും തിരിച്ചറിയാനാകാത്ത വിധമാണ് കിടക്കുന്നത്. ഇത്തവണ കൊതുകുകളെ നശിപ്പിക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ പോലും കേരളത്തിൽ നടന്നിട്ടില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്ത് പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ഉന്നയിച്ചു.