പട്യാല: കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത് രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വത്തിനുമേൽ നികുതി ചുമത്തും എന്ന് പറയുന്ന തരത്തിലേക്ക് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയം അധഃപതിച്ചിരിക്കുന്നുവെന്ന് ധാമി ചൂണ്ടിക്കാട്ടി. പഞ്ചാബിലെ പട്യാലയിലെ ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോൺഗ്രസ് നേതാക്കൾ പറയുന്നത് അധികാരത്തിൽ വന്നാൽ മരണശേഷം നിങ്ങളുടെ സ്വത്തിന്റെ 50 ശതമാനം അവർ പിടിച്ചെടുക്കുമെന്നാണ്. ശേഷിക്കുന്ന 50 ശതമാനം സ്വത്തിന്റെ അവകാശം മാത്രമേ നിങ്ങളുടെ മക്കൾക്ക് ലഭിക്കുകയുള്ളു. അവർ നിങ്ങളുടെയെല്ലാം സ്വത്തിന്റെ എക്‌സ്‌റേ എടുക്കുമെന്നാണ് പറയുന്നത്,” അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ 2014 മുൻപ് വരെ എങ്ങനെ ആയിരുന്നോ അതുപോലെ അഴിമതി നടത്തി ഭരിക്കാം എന്ന മോഹത്തോടെയാണ് അവർ ഈ പ്രീണന രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ചിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
സിഖ് പൈതൃകം സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മഹത്തായ സംഭാവനകൾ ആണെന്ന് ധാമി പറഞ്ഞു. ഗുരു ഗ്രന്ഥ് സാഹിബിന്റെ പ്രതിലിപികൾ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ നിന്നും ഭാരതത്തിലെത്തിച്ചു. കർത്താർപുർ സാഹിബ് ഇടനാഴി നിർമ്മിച്ചു, വീർ ബാൽ ദിവസ് ആചരിയ്‌ക്കാൻ തുടങ്ങി, ഇങ്ങനെ ഭാരതവും ലോകവും അറിയപ്പെടാതെ കിടന്ന സിഖ്‌മതത്തിന്റെ ചരിത്രവും സംഭാവനകളും മോദി ഉയർത്തികൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റഘട്ടമായി 13 സീറ്റുകളിലാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്.