മിർസാപൂർ : ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പും പ്‌ളേറ്റും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ മിർസാപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയും ചായയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയും ചായ വിളമ്പിയുമാണ് ഞാൻ വളർന്നത് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ജീവിതം ദരിദ്രർക്കും ദളിതർക്കും പിന്നാക്കവിഭാഗക്കാർക്കും വേണ്ടി സമർപ്പിതമാണെന്നു പറഞ്ഞ പ്രധാനമന്ത്രി സമാജ്വാദി പാർട്ടിയെയും ഇന്ത്യ സഖ്യത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചു.
‘സമാജ്വാദി പാർട്ടിക്ക് വേണ്ടി ആരും വോട്ട് പാഴാക്കാൻ ആഗ്രഹിക്കില്ല. സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യൂ. രാജ്യത്തെ ജനങ്ങൾക്ക് നന്നായി ഇൻഡി സഖ്യത്തെ അറിയാം . അങ്ങേയറ്റം വർഗീയവാദികളും ജാതീയതയെ പിന്തുണയ്‌ക്കുന്നവരുമാണവർ. കുടുംബവാഴ്ചയാണ് അവർ മുന്നോട്ടുവെയ്‌ക്കുന്നത്. സർക്കാർ രൂപീകരിച്ചാൽ അവരുടെ തീരുമാനങ്ങളും ഇതിനെ അടിസ്ഥാനമാക്കിയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യാദവ സമുദായത്തിൽ പ്രതിഭാധനരായ നിരവധി ആളുകൾ ഉണ്ടെങ്കിലും അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നത് സ്വന്തം കുടുംബാംഗങ്ങൾക്ക് മാത്രമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഇൻഡി സഖ്യം ഇപ്പോൾ ലക്ഷ്യം വെയ്‌ക്കുന്നത് പാവനമായ നമ്മുടെ ഭരണഘടനയെ ആണ്. എസ് സി, എസ്ടി ഒബിസി സംവരണത്തെ കൊളളയടിക്കാനാണ് അവർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഇക്കാര്യം പറഞ്ഞിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ലഭിക്കുന്നുണ്ടെന്നും അതുപോലെ തന്നെ മുസ്ലീം വിഭാഗത്തിനും സംവരണം വേണമെന്ന് ആയിരുന്നു അവർ പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടിയതെന്നും മോദി പറഞ്ഞു.