ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വർക്ക് ഫ്രം ഹോമിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് എന്നാൽ ഇതാദ്യമായാണ് വർക്ക് ഫ്രം ജയിലിനെക്കുറിച്ച് കേൾക്കുന്നത് എന്നായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റിനെ പരിഹസിച്ച് രാജ്‌നാഥ് സിംഗിന്റെ വിമർശനം. ഫത്തേഗഡ് സാഹിബിലെ ബിജെപി സ്ഥാനാർഥിയുടെ ഇലക്ഷൻ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇവിടുത്തെ പോലെ (പഞ്ചാബ്) ഡൽഹിയിലും ആം ആദ്മി സർക്കാരാണ് ഭരിക്കുന്നത്. പക്ഷെ പാർട്ടിയുടെ നേതാവ് മദ്യ നയ അഴിമതിക്കേസിൽ ജയിലിലായിരുന്നു,” കെജ്‌രിവാളിന്റെ അറസ്റ്റ് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണം നേരിടുകയാണെങ്കിൽ ആരോപണങ്ങളിൽ നിന്നും മുക്തരാകുന്നവരെ അധികാര സ്ഥാനങ്ങൾ സ്വമേധയാ ഒഴിയുവാനുള്ള ധാർമ്മികത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“ഓഫീസിൽ ഇരുന്നുള്ള ജോലിയെക്കുറിച്ച് നമുക്കറിയാം, വീട്ടിലിരുന്നു ചെയ്യുന്ന വർക്ക് ഫ്രം ഹോമിനെപ്പറ്റിയും കേട്ടിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് വർക്ക് ഫ്രം ജയിലിനെപ്പറ്റി കേൾക്കുന്നത്,” രാജ്‌നാഥ് സിംഗ് പറഞ്ഞു.
അണ്ണാ ഹസാരെയ്‌ക്കൊപ്പം കെജ്‌രിവാൾ സമരം നടത്തുമ്പോൾ, കോൺഗ്രസിന്റെ അഴിമതിയ്‌ക്കെതിരെ ആയിരുന്നു പോരാട്ടം. അതിന്റെ വിജയം രാഷ്‌ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കരുതെന്നും രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കരുതെന്നും അന്ന് ഹസാരെ കെജ്രിവാളിനോട് പറഞ്ഞിരുന്നതാണ്. എന്നാൽ കെജ്‌രിവാൾ സ്വന്തം ഗുരുവിന്റെ വാക്കുപോലും കേൾക്കാതെ ആം ആദ്മി പാർട്ടി രൂപീകരിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഒരിക്കലും സർക്കാർ വസതിയിൽ കഴിയില്ലെന്ന് പറഞ്ഞിരുന്ന കെജ്‌രിവാൾ മുഖ്യമന്ത്രി ആയപ്പോൾ ജനങ്ങളുടെ പണം ഉപയോഗിച്ച് കോടികളുടെ ശീഷ് മഹൽ പണിതുവെന്നും അദ്ദേഹം ആരോപിച്ചു.