കാൻ ഫെസ്റ്റിവലിൽ മലയാള സിനിമയെ പ്രശംസിച്ച് പായൽ കപാഡിയ. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ലഭിച്ച ഗ്രാൻഡ് പ്രീ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു പായലിന്റെ പരാമർശം. മലയാള സിനിമയിൽ വ്യത്യസ്ത പ്രേമയങ്ങളിലുള്ള വൈവിധ്യമാർന്ന ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. അവാർഡ് സിനിമകൾക്ക് പോലും വിതരണക്കാരെ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. മറ്റൊരു സംസ്ഥാനത്തും ഇതല്ല സ്ഥിതി. ഈ വ്യത്യസ്ത സിനിമകളെ സ്വീകരിക്കാൻ മലയാളികൾ തയ്യാറാണെന്നും പായൽ പറഞ്ഞു.
താൻ സ്വപ്‌നം കണ്ടതിലും ഏറെ മുകളിലാണ് കാനിലെ നേട്ടമെന്നും അവർ പറഞ്ഞു. എന്റെ സിനിമയെ ഇവിടെ എത്താൻ കാരണമായ എല്ലാവരോടും നന്ദി. കാൻ വേദിയിലേക്ക് ഇനിയൊരു ഇന്ത്യൻ ചിത്രമെത്താൻ 30 വർഷം കാത്തിരിക്കരുതെന്നും പായൽ കൂട്ടിച്ചേർത്തു. 22 ചിത്രങ്ങളാണ് ഗ്രാൻഡ് പ്രീ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്.
മുംബൈയിൽ നഴ്‌സായി ജോലി ചെയ്യുന്ന അനു, പ്രഭ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എം കരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വം ആണ് ഇതിന് മുമ്പ് പുരസ്‌കാരത്തിനായി മത്സരിച്ചത്.