ലക്നൗ: കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പാകിസ്താൻ സ്നേഹത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഡി സഖ്യത്തിന് പാകിസ്താന്റെയും ജിഹാദികളുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കും വേണ്ടി പാകിസ്താനിൽ പ്രാർത്ഥനകൾ നടക്കുകയാണെന്നും നരേന്ദ്രമോദി വിമർശിച്ചു. ഉത്തർപ്രദേശിലെ ബൻസ്ഗാവിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2024 ജൂൺ 4-ന് ഭാരതത്തിന്റെ ഭാവി തീരുമാനിക്കാൻ പോകുന്നു. ‘അമൃത് കാലം’ എന്ന ദൃഢനിശ്ചയത്തിലേക്ക് ജൂൺ 4 ന് രാജ്യം ചിറകു വിരിച്ച് പറന്നുയരും. വികസിത ഭാരതത്തെ കെട്ടിപ്പടുക്കുക, 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദശലക്ഷക്കണക്കിന് ആളുകൾ ഭാരതത്തിന്റെ ഭാവി തീരുമാനിക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ ദിവസം
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള ഭാരതത്തിന്റെ യാത്രക്ക് കൗണ്ട്ഡൗൺ ആരംഭിക്കും”.
“മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർത്തതിന് ഇൻഡി മുന്നണി എന്നെ അധിക്ഷേപിക്കുകയാണ്. അവർക്കിപ്പോൾ ജിഹാദി വോട്ടുകൾ വേണം. ഇൻഡി മുന്നണിക്കും കോൺഗ്രസ്-സമാജ്വാദി പാർട്ടികൾക്കും വേണ്ടി പാകിസ്താനിൽ പ്രാർത്ഥനകൾ നടക്കുന്നു. അതിർത്തിക്കപ്പുറമുള്ള ജിഹാദികൾ അവരെ പിന്തുണക്കുന്നു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന സിഎഎ റദ്ദാക്കുമെന്നും ഇൻഡി സഖ്യം പറയുന്നു. ഇതെല്ലാം ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് വേണ്ടിയാണ്”- നരേന്ദ്രമോദി പറഞ്ഞു.