തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാതൃകയാക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണം കിട്ടാനാണ് പിണറായി സർക്കാർ മദ്യനത്തിൽ മാറ്റം വരുത്താൻ പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘കോടതിയിൽ നിന്ന് കെജ്‌രിവാളിന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി വിജയൻ പ്രതീക്ഷിക്കേണ്ട. മദ്യനയത്തിൽ മാറ്റം വരുത്തുന്നതിനായി യോഗം ചേരുകയും ബാറുടമകളിൽ നിന്ന് പണപ്പിരിവ് തുടങ്ങുകയും ചെയ്തിട്ടും രണ്ട് മന്ത്രിമാർ അതിനെ ന്യായീകരിക്കുകയാണ്. മദ്യനയത്തെ കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. ഇത്തരം ന്യായീകരണങ്ങൾ കൊണ്ടെന്നും ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല’.
കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഡൽഹിയിൽ മദ്യനയ അഴിമതി നടത്തിയ എക്സൈസ് മന്ത്രി ഒന്നര വർഷമായി ജയിലിലാണ്. ഇക്കാര്യം മന്ത്രിമാരായ എംബി രാജേഷും മുഹമ്മദ് റിയാസും ഓർക്കേണ്ടതുണ്ട്. ബാർക്കോഴ അഴിമതി നടത്തിയ കോൺഗ്രസിന് പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കാൻ ഒരു അവകാശവുമില്ല. ജനരോക്ഷം തിരിച്ചുവിടാനുള്ള സേഫ്റ്റിവാൾവാണ് പ്രതിപക്ഷ നേതാവിന്റെ ഗീർവാണ പ്രസംഗങ്ങളെന്നും കെ സുരേന്ദ്രൻ പറഞ്ഞു.