തിരുവനന്തപുരം: അന്തപുരിയെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ കൈത്താങ്ങുമായി കേന്ദ്ര സർക്കാർ. ചെറിയ മഴയിൽ പോലും മുങ്ങുന്ന തിരുവനന്തപുരം നഗരത്തിന്റെ ദുരിതം പരിഹാരിക്കാൻ കേന്ദ്ര സർക്കാർ 200 കോടി അനുവദിച്ചു. ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് പണം അനുവദിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ 2022 ഫെബ്രുവരി 28-ന് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരന്ത നിവാരണ സഹായത്തിനായി 2,500 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഇതിലാണ് തിരുവനന്തപുരവും ഉൾപ്പെട്ടിരിക്കുന്നത്.
വെള്ളക്കെട്ട് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസിലാക്കി കൃത്യമായ നിർദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ മാസം അവസാനത്തോടെ പ്രസ്തുത നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.