അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ആഢംബര കപ്പൽ ബുക്ക് ചെയ്ത യുവതിക്ക് നേരിടേണ്ടി വന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം. മോണിക്ക റോബർട്ട്‌സൺ എന്ന ഓസ്‌ട്രേലിയൻ വനിത തന്റെ അമ്മയുടെ 70-ാം ജന്മദിനം ആഘോഷിക്കാൻ തിരഞ്ഞെടുത്തത് ഗ്രാൻഡ് ക്ലാസ് ക്രൂയിസ് കപ്പലായ പസഫിക് എൻകൗണ്ടറാണ്. വലിയ തുക കൊടുത്ത് ആഢംബര കപ്പലിൽ റൂം ബുക്ക് ചെയ്ത യുവതിയ്‌ക്കാകട്ടെ ലഭിച്ചത് ഡസൻ കണക്കിന് മൂട്ടകൾ വിഹരിക്കുന്ന കട്ടിൽ.
പസഫിക് എൻകൗണ്ടറിൽ താമസിച്ച ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും അവിടെയുണ്ടായ അനുഭവം ഒരു പേടി സ്വപ്നമായി തന്നെ വേട്ടയാടുമെന്നും മോണിക്ക റോബർട്ട്‌സൺ പറയുന്നു. മൂന്ന് ദിവസം മൂട്ടകളുള്ള മുറിയിലാണ് തനിക്ക് താമസിക്കേണ്ടി വന്നതെന്നും തന്റെയും അമ്മയുടെയും ശരീരം മുഴുവൻ മൂട്ട കടിയേറ്റ് പുണ്ണ് പോലെയായിട്ടും മുറി മാറ്റി നൽകാൻ ആഡംബര കപ്പലിന്റെ അധികൃതർ തയ്യാറായില്ലാ എന്നും യുവതി പറയുന്നു.
മോണിക്ക റോബർട്ട്‌സണിന്റെ വാക്കുകൾ ഇങ്ങനെ,
“പസഫിക് എൻകൗണ്ടറിൽ എനിക്ക് നൽകിയ മുറിയിൽ കയറിയപ്പോൾ മുതൽ എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. കുളിമുറിയിൽ കയറി കുളിച്ചു കൊണ്ടിരിക്കെ പുറത്തുകൂടെ എന്തോ ഇഴയുന്ന പോലെ തോന്നി. പിന്നീട് കട്ടിലിൽ കിടക്കുമ്പോൾ എന്തോ കടിക്കുന്നുണ്ടായിരുന്നു. കട്ടിലിൽ കൂടി എന്തൊക്കെയോ നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങളുടെ മേലാകെ നീറാൻ തുടങ്ങി, പൊള്ളി കുമിളകൾ വരാൻ തുടങ്ങി. അസഹനീയമായ വേദന”.
“ഞാനും അമ്മയും കട്ടിലിൽ നിന്നും എഴുന്നേറ്റു. വിരിപ്പ് മാറ്റി നോക്കിയപ്പോൾ എന്തൊക്കെയോ പ്രാണികൾ. ഉടൻ തന്നെ കപ്പലിലെ ജീവനക്കാരെ വിളിച്ച് പറഞ്ഞു. അവർ വന്ന് നോക്കിയിട്ട് ഒന്നിനെയും കണ്ടില്ല എന്നും പറഞ്ഞ് മുറി മാറ്റി തന്നില്ല. പിന്നെയുള്ള മൂന്ന് ദിവസം ആ പ്രാണികളുടെ കടിയേറ്റാണ് ഞങ്ങൾ ആ മുറിയിൽ കഴിഞ്ഞത്. ഒന്ന് ഉറങ്ങാൻ പോലും സാധിച്ചില്ല. ഡോക്ടറെ കാണിക്കാനുള്ള പണം നൽകുമോ എന്ന് ചോദിച്ചപ്പോൾ തരില്ല എന്നായിരുന്നു അധികൃതരുടെ മറുപടി. ഡോക്ടറെ കാണിച്ചപ്പോൾ മൂട്ട കടിച്ചതാണെന്നും പറഞ്ഞു. “.
“നഷ്ട പരിഹാരം ആവശ്യപ്പെട്ടിട്ട് അവർ നൽകിയില്ല. മൂട്ട ഇല്ലായിരുന്നുവെന്നാണ് അവർ അവകാശപ്പെട്ടത്. എന്നാൽ അവയുടെ ഫോട്ടോ ഞാൻ എടുത്തിരുന്നു. അവസാനം പ്രശ്നം ആകുമെന്ന് കണ്ടപ്പോൾ $377 റീഫണ്ട് (31,314.83 രൂപ) നൽകാമെന്ന് അവർ പറഞ്ഞു. നഷ്ട പരിഹാരം ലഭിക്കുന്നതിന്റെയല്ല, ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത്. ഇത്തരം സംഭവങ്ങൾ തടയാൻ കർശനമായ നിയമങ്ങൾ ഉണ്ടാവണം”.