ന്യൂഡൽഹി: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിൽ പക്ഷി വന്നിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. രാവിലെ 10.30 ഓടെ പറന്നുയർന്ന വിമാനമാണ് 11 മണിയോടെ ഇറക്കിയത്. ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പക്ഷി വന്നിടിച്ചത്.
പക്ഷി ഇടിച്ചതിനെ തുടർന്ന് തിരികെ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിനെ തുടർന്ന് ഉച്ചയ്‌ക്ക് 12.20-ന് ലേയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്താനിരുന്ന വിമാനവും റദ്ദാക്കി.
വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് ലേ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു