ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ 15 കാരൻ കുത്തിക്കൊന്നു. ഹക്കീം നജാക്കത്ത്( 46) ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
അശ്ലീല വീഡിയോ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തായിരുന്നു ഹക്കീം നജാക്കത്ത് കൂട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. രണ്ട് മാസത്തോളം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും പീഡന രംഗങ്ങൾ ചിത്രീകരിച്ചിരുന്നതായും മുസാഫർനഗർ എസ്‌പി ബൻസാൽ പറഞ്ഞു.
മേയ് 19 നാണ് കൊലപാതകം നടന്നത്. ഭാര്യയും മക്കളും മാതൃവിട്ടിൽ പോയതിനെ തുടർന്ന് ഹക്കീം വീട്ടിൽ തനിച്ചായിരുന്നു. അവസരം മുതലെടുത്ത് യുവാവ് കുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് വീട്ടിലെത്തിയ കുട്ടി ചെറുത്തുനിൽപ്പിനിടെയാണ് സമീപത്ത് കിടക്കുന്ന കത്തി ഉപയോഗിച്ച് ഹക്കിമിനെ കുത്തിയത്. തുടർന്ന് അശ്ലീല വീഡിയോ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ തല്ലി തകർക്കുകയും ചെയ്തു. കഴുത്തിലും തലയിലും പരിക്കേറ്റ ഹക്കിം രക്തം വാർന്നാണ് മരിച്ചത്.
കൊല്ലപ്പെട്ട ഹക്കിം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകശ്രമം, ഗോവധശ്രമം ഉൾപ്പെടെ പത്തോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.