പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചലിൽ മരണസംഖ്യ 670-കടന്നതായി റിപ്പോർട്ട്. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, എൻഗ പ്രവിശ്യയിലെ കൗക്കളം ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദുരന്തം നടന്നത്.
150-ലധികം വീടുകൾ ഇപ്പോഴും മണ്ണിനിടിലാണെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി ഉദ്യോഗസ്ഥൻ സെർഹാൻ അക്‌ടോപ്രക് പറഞ്ഞു. 670-ലധികം ആളുകൾ മരിച്ചതായാണ് പ്രാഥമിക കണക്കുകൾ. പ്രദേശത്താകെ ഇപ്പോഴും വെള്ളം ഒഴുകുന്നതിനാൽ സ്ഥിതി ഭയാനകമാണ്. രക്ഷാപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാകുന്ന സാഹചര്യമാണുള്ളത്, ആക്‌ടോപ്രാക് കൂട്ടിച്ചേർത്തു.
പുലർച്ചെ 3 മണിയോടെ കാക്കളം ഗ്രാമത്തിൽ നിദ്രയിലായിരുന്ന ആളുകളുടെ മുകളിലേക്കാണ് ഉരുൾ പൊട്ടലിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വൻതോതിലുള്ള മണ്ണിടിച്ചിലിൽ ഏതാണ്ട് ആറിലധികം ഗ്രാമങ്ങളിലെ ഡസൻ കണക്കിന് വീടുകളും കുടുംബങ്ങളും ജീവനോടെ കുഴിച്ചുമൂടി. എൻഗ പ്രവിശ്യയിലെ തിരക്കേറിയ ഒരു മലയോര ഗ്രാമം ഏതാണ്ട് പൂർണ്ണമായും ഇല്ലാതായി.
ഓസ്‌ട്രേലിയക്കടുത്തുള്ള ദ്വീപു രാജ്യമാണ് പാപ്പുവ ന്യൂ ഗിനിയ. ലോകത്തിലെ ഏറ്റവും ആർദ്രമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്, ഈർപ്പമുള്ള ഉയർന്ന പ്രദേശങ്ങളിൽ വർഷം മുഴുവൻ ശക്തമായ മഴ പെയ്യുകയും ചെയ്യും.