ന്യൂഡൽഹി : ആംആദ്മി നേതാക്കളും പ്രവർത്തകരും തനിക്കെതിരെ ‘സ്വഭാവഹത്യ’ നടത്തുകയാണെന്ന് സ്വാതി മാലിവാൾ. വിഷയത്തെക്കുറിച്ച് യൂട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്തതോടെയാണ് സാഹചര്യം കൂടുതൽ മോശമായതെന്നും ആംആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ പറഞ്ഞു.
ആംആദ്മി പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വഭാവഹത്യയും ഇരയെ പഴിചാരലും ഒരു പ്രചാരണമാക്കിയിരിക്കുകയാണ്. ഇതോടെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും ലഭിച്ച് തുടങ്ങി. ഇത്രയ്‌ക്ക് മോശം നിലയിലെത്തിച്ചത് യൂട്യൂബർ ധ്രുവ് റാഠി വീഡിയോ പോസ്റ്റ് ചെയ്തതോടെയാണെന്നും സ്വാതി മാലിവാൾ എക്സിൽ കുറിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് അതിക്രമത്തിന് ഇരയായെന്നും മുഖ്യമന്ത്രിയുടെ പിഎ ബൈഭവ് കുമാർ ക്രൂരമായി മർദിച്ചെന്നും സ്വാതി മാലിവാൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ പാർട്ടി നേതൃത്വത്തിൽ നിന്ന് സമ്മർദ്ദമുണ്ടായെന്നാണ് സ്വാതിയുടെ പക്ഷം.
സ്വതന്ത്ര മാദ്ധ്യമപ്രവർത്തകരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധ്രുവ് റാഠിയെ പോലെയുള്ളവർ ആംആദ്മിയുടെ വക്താവിനെ പോലെ സംസാരിക്കുന്നുവെന്നത് അപമാനകരമാണ്. താൻ നേരിട്ട അതിക്രമം അവിടുത്തെ പാചകക്കാരൻ ആദ്യം സമ്മതിച്ചു, പെട്ടെന്നാണ് മലക്കംമറിഞ്ഞത്. ഇതൊന്നും ധ്രുവ് റാഠി പരാമർശിക്കുക പോലും ചെയ്തില്ലെന്നും സ്വാതി കുറ്റപ്പെടുത്തി.
മെയ് 13ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നടന്ന അതിക്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാറിനെ മെയ് 18ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ എഎപിയുടെ ഉന്നത നേതാക്കളടക്കം സ്വാതി മാലിവാളിനെതിരെ രംഗത്തുവരികയാണ് ചെയ്തത്.