ന്യൂഡൽഹി : ഡൽഹി ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നവജാത ശിശുക്കളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയിലുണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞു. ദേശീയ ബാലാവകാശ കമ്മീഷന്റെ ഒരു സംഘം ആശുപത്രിയിൽ നേരിട്ടെത്തി പരിശോധിക്കുമെന്നും അറിയിച്ചു.
ആശുപത്രി ഉടമ നവീൻ കിച്ചി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ബേബി കെയർ സെൻ്ററിന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്ന് ഡൽഹി അഗ്നിശമന വകുപ്പ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ആശുപത്രി ഉടമയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മർമുവും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇരുവരും എക്സിൽ കുറിച്ചു.