തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ആറ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റിമാൽ ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ തീരം തൊടും. ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്തിനിടയിൽ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
പശ്ചിമ ബംഗാളിന്റെ തീരത്ത് നിന്നും 240 കിലോമീറ്റർ അകലെയാണ് റിമാൽ ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിന്നത്. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.