കോട്ടയം: തലപ്പലത്ത് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. കാൽപാദത്തിന്റെ ഭാഗത്ത് മാത്രമാണ് മാംസമുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് പരിസരവാസികൾ അസ്ഥികൂടം കണ്ടെത്തിയത്.
സമീപത്ത് നിന്ന് ബാഗും ചെരുപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വയോധികനെ കാണാതായിരുന്നു. ഇപ്പോൾ കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ വയോധികന്റേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ വിദഗ്ധ പരിശോധനയ്‌ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്‌ക്കയച്ചു.