ന്യൂഡൽഹി: ബിജെപി ഒരിക്കലും ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മാറ്റംവരുത്തുകോയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1976-ൽ ആമുഖത്തിൽ മാറ്റംവരുത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം അനാവശ്യ വിഷയങ്ങൾ ഉന്നയിക്കുന്നത്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“1976-ൽ, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ആദ്യമായി മാറ്റം വരുത്തിയത്
ഇന്ദിരാഗാന്ധിയാണ്. ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്താമെന്ന് ഭരണഘടനാ അസംബ്ലിയിലെ മുഴുവൻ അംഗങ്ങളും ഐക്യകണ്ഠമായി തീരുമാനമെടുത്തതാണ്. കോൺഗ്രസും മറ്റ് രാഷ്‌ട്രീയ പാർട്ടികളും ഇത് ഒരുപാട് തവണ ചെയ്തതുമാണ്. എന്നാൽ ഭരണഘടനയുടെ ആമുഖത്തിൽ ഒരിക്കലും മാറ്റം പാടില്ല. അതുപോലും ചെയ്ത കോൺഗ്രസാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. അത്തരം ഒരു ചിന്ത പോലും ബിജെപിക്കില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന കീറിയെറിയുമെന്ന രാഹുലിന്റെ പ്രസ്താവനകളോട് പ്രതീകരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മതാധിഷ്ഠിത സംവരണത്തിന് പാർട്ടി എതിരാണ്. ഈ രാജ്യത്തിന് ഒബിസി, എസ്ടി സംവരണം ആവശ്യമാണ്. എന്നാൽ പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന മത സംവരണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അത് ഭരണാഘടനാ വിരുദ്ധമാണെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി
.