എറണാകുളം : ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. എറണാകുളം പുത്തൻവേലിക്കരയിലെ ചാലക്കുടി പുഴയിലാണ് അപകടമുണ്ടായത്. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കുളിക്കാനായി ചാലക്കുടി പുഴയിലെത്തിയത്. മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചത്. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. പുത്തൻവേലിക്കര സ്വദേശികളായ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്.
കുട്ടികൾ ഒഴുകി പോകുന്നത് കക്ക വാരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് മൂന്ന് പേരെയും രക്ഷിക്കാനിറങ്ങിയത്. അഗ്നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നുണ്ട്.