കോട്ടയം: ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് യുവാവിനെ കൊലപ്പെടുത്തി. കോട്ടയം വടവാതൂരിലാണ് സംഭവം. ചെങ്ങളം സ്വദേശിയും പ്രതിയുടെ ബന്ധുവുമായ രഞ്ജിത്താണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയായ അജേഷിനായി തിരച്ചിൽ തുടങ്ങി.
ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. വടവാതൂരിന് സമീപത്ത് നിന്ന് ബസിറങ്ങി സുഹൃത്തിനേടൊപ്പം വരികയായിരുന്നു രഞ്ജിത്ത്. റോഡരികിൽ ഒളിച്ചിരുന്ന പ്രതി ആയുധവുമായെത്തി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. രഞ്ജിത്തിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
പ്രതിയായ അജേഷിന് ഭാര്യയെ വലിയ സംശയമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടിലുള്ള പലരുമായും ഇയാൾ കലഹിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. സംശയ രോഗത്തെ തുടർന്നുള്ള കൊലപാതകമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. അജേഷിന്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.