തൃശൂർ: പെരിഞ്ഞനത്ത് സെയ്ൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കുഴിമന്തി കഴിച്ച 27 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകളുമായി ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. പെരിഞ്ഞനം സെന്ററിന്റെ സമീപത്ത് പ്രവർത്തിക്കുന്ന സെയ്ൻ ഹോട്ടലിൽ നിന്ന് പാഴ്സലായും അല്ലാതെയും നിരവധി ആളുകൾ കുഴിമന്തി വാങ്ങി കഴിച്ചിരുന്നു. തുടർന്ന് ആളുകൾക്ക് അസ്വസ്ഥകൾ അനുഭവപ്പെടുകയായിരുന്നു. പെരിഞ്ഞനം, കയ്പ്പമംഗലം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് ഹോട്ടലിൽ പരിശോധനകൾ നടത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. തുടർ പരിശോധനയ്‌ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.