ഇടുക്കി: കോൺഗ്രസിന്റെ ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ കോടികളുടെ തട്ടിപ്പ്. സംഭവത്തിൽ കുമളി ബാങ്ക് മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. ഒരു കോടി നാൽപ്പത്തൊമ്പതിനായിരം രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് ചക്കുപ്പള്ളം സ്വദേശി വൈശാഖ് മോഹനെതിരെ പൊലീസ് കേസെടുത്തത്.
2021 മുൽ 2024 വരെ കുമളി ബാങ്ക് മാനേജറായിരുന്ന സമയത്തായിരുന്നു വൈശാഖ് മോഹൻ തട്ടിപ്പ് നടത്തിയത്. വൈശാഖിന്റെയും സുഹൃത്തുക്കളുടെയും പേരിൽ വായ്പ അനുവദിച്ചും പലരുടെയും നിക്ഷേപതുകകളിൽ നിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തത്. വായ്പ തിരിച്ചടയ്‌ക്കാൻ നൽകിയ തുക മരിച്ച വ്യക്തിക്ക് ചിട്ടിപ്പണമായി നൽകിയെന്ന് കാണിച്ചും ഇയാൾ വ്യാജരേഖയുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കുമളിക്ക് പുറമെ കട്ടപ്പന ബ്രാഞ്ചിലും കുറച്ചുകാലം ഇയാൾ ബാങ്ക് മാനേജരായി പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് ബാങ്കിൽ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്തതായി പുതിയ ഭരണസമിതി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈശാഖാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞത്. തട്ടിപ്പ് നടത്തിയതായി വൈശാഖ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസം മുമ്പ് അധികാരത്തിലെത്തിയ ഭരണസമിതി നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി കണ്ടെത്തിയത്.