പലസ്തീന് അനുകൂലമായി പ്രതികരിച്ച നടന്മാരിലൊരാളാണ് ഷെയ്ൻ നിഗം. പലസ്തീനിലെ കുട്ടികളുടെ ചിത്രം തന്നെ വേദനിപ്പിക്കുന്നുവെന്നായിരുന്നു ഇസ്രായേൽ-ഹമാസ് യുദ്ധം നടക്കുമ്പോൾ നടൻ പ്രതികരിച്ചിരുന്നത്. എന്നാൽ യുദ്ധമാണ് പ്രശ്നമെങ്കിൽ എന്തുകൊണ്ട് ഹമാസ് ഭീകരവാദികൾ കൊന്നൊടുക്കിയ ഇസ്രായേൽ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതത്തെപ്പറ്റി നടൻ പറയാതിരുന്നത് എന്ന വിമർശനവും അന്ന് ഉയർന്നിരുന്നു. എന്നാൽ, പലസ്തീൻ വിഷയത്തിൽ വൈകാരികമായാണ് താൻ പ്രതികരിച്ചത് എന്ന് പറയുകയാണ് ഷെയ്ൻ നിഗം.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പലസ്തീൻ വിഷയത്തിൽ പോസ്റ്റിട്ടതിനെപ്പറ്റി ഷെയ്ൻ നിഗം പ്രതികരിച്ചത്. “യുദ്ധത്തിന് പല കാരണങ്ങളുമുണ്ടാകാം, എന്ന് വച്ച് എന്തിനാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും എന്തിന് കൊന്നു. നമ്മുടെ മതം നമ്മളാണോ തീരുമാനിച്ചത്”.
“മതത്തിന്റെ പേരിൽ ഒരാളെ ചൂഷണം ചെയ്യുന്നത് ശരിയാണോ. മതത്തിന്റെ പേരിൽ ആൾക്കാരെ മാറ്റി നിർത്തുന്നത് ശരിയല്ല. ഇത് ചെറിയ ജീവിതമാണ്. അതിനിടയിൽ ഈ യുദ്ധമൊക്കെ എന്തിനാണ്. മനുഷ്യത്വം വേണം, അതിന് വേണ്ടി ആരെങ്കിലുമൊക്കെ സംസാരിക്കണം. ലോകാവസാനം ആയി, ഇനിയെങ്കിലും സംസാരിക്കണം”- ഷെയ്ൻ നിഗം അഭിമുഖത്തിൽ പറഞ്ഞു.