തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. നൂലിയോട് സ്വദേശി മനോജാണ് പിടിയിലായത്. മദ്യപിക്കാനായി അമ്മയായ രംഭയോട് ഇയാൾ പണം ചോദിച്ചിരുന്നു. ഇത് ലഭിക്കാത്തതിന്റെ പ്രകോപനത്തിൽ ഇയാൾ അമ്മയുടെ സാരിയിൽ തീ കൊളുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്ഥിര മദ്യപാനിയായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തിയ ശേഷം അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുടിക്കാൻ കയ്യിൽ പണമില്ലാത്തതിനാൽ മനോജ് അമ്മയോട് പണം ചോദിച്ചു. എന്നാൽ പണം നൽകാൻ രംഭ വിസമ്മിതിച്ചതോടെ അമ്മയെ മർദ്ദിച്ച ശേഷം ഇവരുടെ സാരിയിൽ തീ കൊളുത്തുകയായിരുന്നു.
ബഹളം കേട്ടെത്തിയ ബന്ധുക്കളാണ് തീ അണച്ച് രംഭയെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.