എറണാകുളം : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25-ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിയ്‌ക്ക് മസ്ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്.
എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടത്തോടെ ജോലിക്ക് വരാതെ വിട്ടു നിന്നതിനെ തുടർന്ന് അടുത്തിടെ കമ്പനിയുടെ സർവ്വീസുകൾ പ്രതിസന്ധിയിലായിരുന്നു. ഇതിന് ശേഷം ചർച്ചകളെ തുടർന്ന് ജീവനക്കാർ സമരം അവസാനിപ്പിച്ചതോടെയാണ് സർവ്വീസുകൾ സാധാരണ നിലയിലായത്.
തുടർച്ചയായുള്ള വിമാനം റദ്ദാക്കൽ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലെ മൂന്ന് സർവീസുകൾ റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയുടെ കോഴിക്കോട്-റിയാദ്, കോഴിക്കോട്- അബുദാബി, കോഴിക്കോട്- മസ്ക്കറ്റ് എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.