ടെൽഅവീവ്: ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്‌ബുള്ള. ലെബനീസ്-ഇസ്രായേൽ അതിർത്തിയിൽ പോരാട്ടം രൂക്ഷമാക്കുന്നതിനിടയിലാണ് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള രംഗത്തത്തിയിരിക്കുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി കൂടുതൽ “സർപ്രൈസുകൾ” തയ്യാറാക്കുകയാമെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ഒക്‌ടോബർ 8-ലെ ചെറുത്തുനിൽപ്പ് നിങ്ങളെ ആശ്ചര്യപ്പെടുത്തി, കൂടുതൽ ആശ്ചര്യങ്ങൾ നിങ്ങൾ പ്രതീക്ഷിക്കണം, നസ്‌റല്ല പറഞ്ഞു. പലസ്‌തീൻ അനുകൂല തീവ്രവാദ സംഘടനയാണ് ഹിസ്‌ബുള്ള.
ദിവസങ്ങൾക്ക് മുൻപ് ഹിസ്ബുള്ള ഭീകർക്കെതിരെ പോരാട്ടത്തിന് തയ്യാറാകാൻ നെതന്യാഹു വടക്കൻ ഇസ്രായേലിലെ സൈനികരോട് ആഹ്വാനം ചെയ്തിരുന്നു. ഹിസ്ബുള്ളയെ കൈകാര്യം ചെയ്യാൻ ” വിശദമായ, പ്രധാനപ്പെട്ട, ആശ്ചര്യപ്പെടുത്തുന്ന പദ്ധതികൾ” തയ്യാറാക്കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. വടക്കൻ ഇസ്രായേലിൽ ലെബനന്റെ അതിർത്തിയിലുള്ള പ്രദേശങ്ങളിൽ സുരക്ഷ പുനഃസ്ഥാപിക്കുക, നാടുകടത്തപ്പെട്ടവരെ നാട്ടിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് തന്റെ മുന്നിലുള്ളതന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ഒക്ടോബർ 7-ലെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇസ്രേയേൽ ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ തിരിഞ്ഞത്. പിന്നാലെയാണ് ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ള എത്തിയത്. തുടർന്ന് ഹിസ്ബുള്ള തീവ്രവാദി സംഘം, ലെബനന്റെ തെക്ക് സ്ഥിതിചെയ്യുന്ന ഇസ്രായേൽ സൈനിക ക്യാമ്പുകൾ ആക്രമിക്കുന്നത് പതിവായി. ഇതോടയാണ് ഹിസ്ബുള്ളയെ ഉന്മൂലനെ ചെയ്യുമെന്ന് പ്രഖ്യാപനവുമായി നെതന്യാഹു എത്തിയത്.