മലയാളത്തിലെ മാസ് സംവിധായകരിൽ ഒരാളാണ് അജയ് വാസുദേവ്. തമിഴ്-തെലുങ്ക് സിനിമകളിൽ മാത്രം മലയാളികൾ കണ്ടുവന്നിരുന്ന മേക്കിംഗ് ശൈലി മലയാളത്തിലേക്ക് കൊണ്ടുവന്ന സംവിധായകൻ. മലയാളത്തിലെ ആക്ഷൻ ചിത്രങ്ങളെടുത്താൽ ആദ്യ പട്ടികയിൽ അജയ് വാസുദേവ് ചിത്രങ്ങളും കാണും. മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നിവ മലയാളികൾ ആഘോഷമാക്കിയ സിനിമകളാണ്.
മാസ്റ്റർ പീസ് എന്ന അജയ് വാസുദേവ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത് ഉണ്ണി മുകുന്ദനായിരുന്നു. മാസ്-ആക്ഷൻ-ത്രില്ലർ സിനിമയായി എത്തിയ മാസ്റ്റർപീസിൽ ഉണ്ണി മുകുന്ദൻ ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. ഇപ്പോഴിതാ, തന്റെ അടുത്ത ചിത്രം ഉണ്ണി മുകുന്ദനെ നായകനാക്കി കൊണ്ടുള്ള ആക്ഷൻ ചിത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജയ് വാസുദേവ്.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രത്തെപ്പറ്റി അജയ് വാസുദേവ് മനസ് തുറന്നത്. ‘ഉണ്ണി മുകുന്ദനെ വച്ചിട്ടാണ് അടുത്ത ചിത്രം. അതൊരു ആക്ഷൻ സിനിമയുമായിരിക്കും. പേര് ഇട്ടിട്ടില്ല’- എന്നായിരുന്നു സംവിധായകൻ പ്രതികരിച്ചത്. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഉണ്ണിയുടെ ഹൈ വോൾട്ടേജ് പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.