ഹൈന്ദവ വിശ്വാസ പ്രകാരം മഹാബലി, വേദവ്യാസൻ, വിഭീഷണൻ, കൃപാചാര്യർ, പരശുരാമൻ, അശ്വത്ഥാമാവ്, ഹനുമാൻ എന്നിവരെ ചിരഞ്ജീവികളായാണ് കണക്കാക്കിയിരിക്കുന്നത് . ഹനുമാൻ സ്വാമിയെ ഭജിക്കുന്നവർക്ക് ബുദ്ധി, ബലം, ധൈര്യം, കീർത്തി, വാക്സാമർത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ തുടങ്ങിയ ഗുണങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം .
പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇഷ്ടകാര്യ സിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള പഞ്ചമുഖ ഹനുമാൻ പ്രതിമ സ്ഥിതി ചെയ്യുന്നത് കർണാടകയിലെ തുമുകുരു ജില്ലയിലെ കുനിഗൽ താലൂക്കിലെ ബിദനഗെരെയിലാണ് . 161 അടി ഉയരമുള്ള പഞ്ചമുഖി ആഞ്ജനേയ സ്വാമി പ്രതിമ ബസവേശ്വര മഠമാണ് സ്ഥാപിച്ചത്.
കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും തെക്ക് കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും പടിഞ്ഞാറ് ഗരുഡമുഖം സകല സൗഭാഗ്യവും വടക്ക് വരാഹമുഖം ധനപ്രാപ്തിയും ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. സത്യശനീശ്വര സ്വാമി ക്ഷേത്രത്തിനടുത്താണ് ഹനുമാൻ പ്രതിമ സ്ഥിതി ചെയ്യുന്നത് .