ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ചൈനീസ് നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരെ മുഖത്തടിച്ച മറുപടി നൽകി പ്രതിരോധമന്ത്രി രാജ്നാഥ്സിങ്. ആരെയും രാജ്യത്തിന്റെ ഒരിഞ്ച് സ്ഥലം പോലും സ്വന്തമാക്കാൻ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭാരതീയ ജനത പാർട്ടി ഒരിക്കലും രാജ്യത്തിന്റെ സൈനികരുടെ ധീരതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ കമാൻഡർ-തല ചർച്ചകൾ നടക്കുകയാണെന്നും എന്നാൽ ഇതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും രാജ്നാഥ്സിങ് പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരുമ്പോൾ രാജ്യത്തെ ജനങ്ങൾ ഉറപ്പായും അതിൽ അഭിമാനം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ രൂക്ഷമായിരുന്നു. ചൈനയുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വര പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി. 2022 യിലും ചൈന അവകാശവാദങ്ങളുമായി വന്നിരുന്നു. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപവും സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. അരുണാചൽ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നായിരുന്നു ചൈനയുടെ വാദം. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന നിലപാട് ആവർത്തിച്ച ഇന്ത്യ ഇത് നിഷേധിച്ചു.