ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ പ്രമുഖ മാഫിയകൾക്കും സമാജ്‌വാദി പാർട്ടിയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു. എന്നാൽ മാഫിയകളെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സമാജ്‌വാദി പാർട്ടി മാഫിയകളെ പിന്തുണയ്‌ക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നക്‌സലൈറ്റ്, ഭീകര സംഘടനകൾ, ഭീകരവാദ പ്രവർത്തനങ്ങൾ ഇവയെല്ലാം വെറും പത്ത് വർഷം കൊണ്ട് തുടച്ചു നീക്കി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ സമാജ്‌വാദി പാർട്ടി രാജ്യത്തെ ജനങ്ങളെ മാഫിയകളുടെ അധീനതയിൽപ്പെടുത്താൻ ശ്രമിക്കുകയാണ്.”- യോഗി ആദിത്യനാഥ് പറഞ്ഞു.
രാം ദ്രോഹികൾ രാമ ഭക്തർക്ക് നേരെ വെടിയുതിർക്കുന്നു. അവർ ഭീകരവാദികളോടും നക്‌സലൈറ്റുകളോടുമാണ് ദയ കാണിക്കുന്നത്. പാവപ്പെട്ടവരെ കൊള്ളയടിച്ച് അവരുടെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ പോലും തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. ഇന്ത്യയുടെ വികസനം സമാജ്‌വാദി പാർട്ടിക്കോ കോൺഗ്രസിനോ അംഗീകരിക്കാൻ സാധിക്കില്ല. അവരുടെ ഭരണകാലത്ത് പ്രധാനവാർത്തകളിൽ ഇടംപിടിച്ചിരുന്നത് അഴിമതി കുംഭകോണങ്ങളും ഭീകരരുടെ ആക്രമണങ്ങളുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് പാകിസ്താൻ ഇന്ത്യയുടെ പ്രത്യാക്രമണങ്ങളെ ഭയപ്പെടുന്നു. അവർക്കുള്ള മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് കൃത്യമായി സാധിക്കുമെന്ന് പാകിസ്താൻ മനസിലാക്കിയിരിക്കുന്നുവെന്നും ജനങ്ങളെ ദ്രോഹിക്കുന്ന മാഫിയകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.