റായ്പൂർ : ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മയിലും ബിജാപൂരിലും നടന്ന ഏറ്റുമുട്ടലുകളിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
സുക്മയിലെ ബെൽപോച്ച ഗ്രാമത്തിൽ കുന്നിൻമുകളിലെ വനപ്രദേശത്ത് വെച്ചായിരുന്നു രാവിലെ ആദ്യ ഏറ്റുമുട്ടൽ. ഇതിൽ ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു. ബെൽപോച്ചയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ പ്രദേശത്ത് സുരക്ഷാ സേന പരിശോധന ആരംഭിച്ചിരുന്നു.
ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡും ബസ്തർ സേനയും പ്രാദേശിക പൊലീസ് സംഘവും സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്. സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലുകൾക്കെതിരെ ബസ്തർ മേഖലയിൽ 26 ന് മാവോയിസ്റ്റുകൾ ബന്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് മുന്നോടിയായി അക്രമസംഭവങ്ങൾ തടയാൻ കൂടി ലക്ഷ്യമിട്ടായിരുന്നു സുരക്ഷാസേനയുടെ പരിശോധന. ബെൽപോച്ചയിലേക്ക് പട്രോളിംഗ് സംഘമെത്തിയപ്പോൾ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
പരസ്പരമുളള വെടിവെയ്പ് അവസാനിച്ചപ്പോൾ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ് ബിജാപൂരിലെ വനമേഖലയിലും ഏറ്റുമുട്ടൽ ഉണ്ടായത്. മിർതുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം ഉണ്ടായത്. മാവോയിസ്റ്റ് നേതാവ് പാണ്ഡ്രുവും ഭൈരംഗഢ് ഏരിയ കമ്മിറ്റിയംഗം ജോഗയും ഇവിടെ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പത്തോ പതിനഞ്ചോ വരുന്ന മാവോയിസ്റ്റ് സംഘത്തിനൊപ്പമാണ് ഇരുവരും പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതെന്ന് ആയിരുന്നു വിവരം. തുടർന്ന് പരിശോധനയ്‌ക്കിറങ്ങിയ സുരക്ഷാസേനയ്‌ക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ നിന്നും നിരവധി ആയുധങ്ങൾ, ബാഗുകൾ, മാവോയിസ്റ്റ് യൂണിഫോം തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.