കൊൽക്കത്ത: ഹിന്ദു സന്ന്യാസിമാർക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സന്ന്യാസിമാരുടെ വൻ റാലി. വടക്കൻ കൊൽക്കത്തയിലെ ബാഗ്ബസാറിലെ ശാരദദേവിയുടെ വീട്ടിൽ നിന്ന് ഷിംല സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സ്വാമി വിവേകാനന്ദന്റെ തറവാട്ടു വീട്ടിലേക്ക് നൂറു കണക്കിന് സന്യാസിമാർ നഗ്നപാദരായി നടന്നു.
രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രമം സംഘത്തിനുമെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശങ്ങളെ അപലപിച്ചാണ് ‘സന്ത് സ്വാഭിമാൻ യാത്ര’ എന്ന പേരിൽ കൊൽക്കത്തയിൽ സന്യാസിമാർറാലി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ സന്യാസിമാരുടെ പരമോന്നത സംഘടനയായ ബംഗിയ സന്യാസി സമാജിലെ അംഗങ്ങളോടൊപ്പം വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) പ്രതിഷേധത്തിൽ അണി ചേർന്നു.
ഹൂഗ്ലി ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ, ഭാരത് സേവാശ്രമം സംഘ, രാമകൃഷ്ണ മിഷൻ, ഇസ്‌കോൺ തുടങ്ങിയ ഹിന്ദു മതസംഘടനകളെക്കുറിച്ച് മാതാ ബാനർജി അവഹേളന പരാമർശങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ മാസം രാമനവമി ഘോഷയാത്രയെ ഒരു സംഘം മത തീവ്രവാദികൾ ആക്രമിച്ചതിനെത്തുടർന്നു മുർഷിദാബാദിൽ നടന്ന ബെൽദംഗ കലാപത്തിന് ഭാരത് സേവാശ്രമം സംഘത്തിലെ കാർത്തിക് മഹാരാജിനെ മമത കുറ്റപ്പെടുത്തി. സന്യാസിമാരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചർച്ചയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെ വടക്കൻ ബംഗാളിലെ ജൽപായ് ഗുരിയിലുള്ള രാമകൃഷ്ണ മിഷന്റെ സ്ഥലം പിടിച്ചെടുക്കാൻ ശ്രമം നടന്നു. ഇവിടുത്തെ രാമകൃഷ്ണ മിഷൻ (ആർകെഎം) പരിസരം ചില അക്രമികൾ നശിപ്പിക്കുകയും സന്യാസിമാരെയും മറ്റ് ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
മമത മാടത്തിയ അധിക്ഷേപപരാമർശങ്ങൾ ഹിന്ദു മത ക്രമത്തിനെതിരായ ആക്രമണമാണെന്നും വ്യക്തിപരമായ ആക്രമണമല്ലെന്നും സ്വാമി പ്രദീപ്‌താനന്ദ മഹാരാജ് എന്നറിയപ്പെടുന്ന കാർത്തിക് മഹാരാജ് പറഞ്ഞു.
കാവി വസ്ത്രം ധരിച്ച നിരവധി സന്യാസിമാർക്കും അവരുടെ അനുയായികൾക്കും ഒപ്പം ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കളും ‘സന്ത് സ്വാഭിമാൻ യാത്ര’ യിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ സന്യാസിമാരുടെ പരമോന്നത സംഘടനയായ ബംഗിയ സന്യാസി സമാജാണ് റാലിയെ “സന്ത് സ്വാഭിമാൻ യാത്ര” എന്ന് നാമകരണം ചെയ്തത്.
വോട്ട് ബാങ്ക് രാഷ്‌ട്രീയം മുൻനിർത്തിയാണ് രാമകൃഷ്ണ മിഷൻ, ഭാരത് സേവാശ്രം സംഘ് തുടങ്ങിയ ആദരണീയ സ്ഥാപനങ്ങൾക്കെതിരെ മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മുതിർന്ന വിഎച്ച്പി നേതാവ് സൗരീഷ് മുഖർജി പറഞ്ഞു.