ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും. രാവിലെ ഡൽഹിയിലെ പോളിംഗ് ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.ഭാര്യയ്‌ക്കൊപ്പമെത്തിയായിരുന്നു ഉപരാഷ്‌ട്രപതി സമ്മതിദായക അവകാശം വിനിയോഗിച്ചത്.
” വോട്ട് എന്നത് അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അടയാളമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഊർജ്ജസ്വലവും സജീവവും ഫലപ്രദവുമായ രീതികളാണ് ഇവിടെ പ്രാവർത്തികമാക്കുന്നത്.”- ജഗ്ദീപ് ധൻകർ പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആറാം ഘട്ടത്തിൽ 889 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഡൽഹിക്ക് പുറമെ ഹരിയാന, ബിഹാർ, ഒഡിഷ, ജമ്മുകശ്മീർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.