ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ നവീകരിക്കുന്നതിന് വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ക്ഷേത്രത്തിൽ നിവേദ്യത്തിനും അഭിഷേകങ്ങൾക്കും മണിക്കിണറിൽ നിന്നാണ് ജലം എടുക്കുന്നത്.
വെള്ളത്തിന് ഇടയ്ക്ക് നിറ വ്യത്യാസം കാണുന്നുണ്ട്. കിണറിന്റെ അടിത്തട്ടിൽ നെല്ലിപ്പലകയിട്ട് കളിമണ്ണ് കൊണ്ടുള്ള റിങ് ഇറക്കി നിലവിലെ കരിങ്കൽ ഭിത്തിക്കും കളിമൺ റിങ്ങിനും ഇടയിൽ ബേബി മെറ്റൽ, പുഴ മണൽ എന്നിവ നിറച്ച് ജലശുദ്ധീകരണത്തിന് സ്വാഭാവിക അരിപ്പ് നിർമിക്കും. മഴവെള്ളം ശുദ്ധി ചെയ്ത് മണിക്കിണറ്റിലേക്ക് ഒഴുക്കുന്ന സംവിധാനവും ഏർപ്പെടുത്തും. ചെന്നൈ സ്വദേശിയായ പ്രദീപ് എന്ന ഭക്തന്റെ വഴി പാടായിട്ടാണ് നവീകരണം നടത്തുന്നത്. കളിമൺ റിങ് നിർമാണം ഉടൻ ആരംഭിക്കും.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ദേവസ്വം എൻ ജിനീയർമാർ, കിണർ നിർമാണ വിദഗ്ധർ, കളിമൺ റിങ് നിർമാതാക്കൾ എന്നിവരും ചൊവ്വാഴ്ച പരിശോധനയ്ക്ക് എത്തിയിരുന്നു.