സർക്കാർ അനുമതി ലഭിച്ചിട്ടും സിലിണ്ടർ കൈവശമാകാതെ ഹോട്ടലുടമകൾ ദുരിതത്തിൽ; ഏജൻസികളുടെ നിയന്ത്രണവും കരിഞ്ചന്ത വിൽപ്പനയുംക്കെതിരെ ഏപ്രിൽ മുതൽ ശക്തമായ സമരത്തിന് കെ.എച്ച്.ആർ.എ തയ്യാറെടുക്കുന്നു
സംസ്ഥാനത്തെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണത്തിലെ തകരാർ തുടരുന്നു. സർക്കാർ വാണിജ്യ പാചകവാതക വിഹിതം വർധിപ്പിച്ചിട്ടും അതിന്റെ ഗുണം യഥാർത്ഥ ഉപഭോക്താക്കൾക്ക് ലഭിക്കാത്ത സാഹചര്യത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ശക്തമായ സമരപരിപാടികളിലേക്ക് കടക്കാൻ തീരുമാനിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
ആഗോള ഊർജ പ്രതിസന്ധിയും ആഭ്യന്തര വിതരണ നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോട്ടൽ, റെസ്റ്റോറന്റ് ഉൾപ്പെടുന്ന അർദ്ധ മുൻഗണനാ വിഭാഗത്തിനുള്ള വാണിജ്യ എൽ.പി.ജി വിഹിതം സർക്കാർ 40 ശതമാനത്തിൽ നിന്ന് 62 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ പ്രായോഗികമായി ലഭിക്കുന്ന വിതരണം അതിനോട് യാതൊരു വിധത്തിലും പൊരുത്തപ്പെടുന്നില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ പരാതി. മുൻപ് അനുവദിച്ച വിഹിതത്തിൽ പത്ത് ശതമാനം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ കണക്കിൽ വർധനവുണ്ടായിട്ടും സിലിണ്ടർ ലഭ്യതയിൽ മാറ്റമില്ലെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
സപ്ലൈ ഓഫീസർമാർ മുഖേന പ്രവർത്തിക്കുന്ന ‘ട്രാക്ക് യുവർ എൽ.പി.ജി’ പോർട്ടലിൽ അപേക്ഷ നൽകി അനുമതി ലഭിച്ചിട്ടും ഏജൻസികൾ ഗ്യാസ് വിതരണം ചെയ്യാൻ തയ്യാറാകുന്നില്ല. അപേക്ഷ Approved ആയി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങൾക്ക് ഔദ്യോഗിക നിർദേശം ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് ഏജൻസികൾ നൽകുന്നത്. ഇതോടെ സർക്കാർ പ്രഖ്യാപിച്ച അടിയന്തര എസ്.ഒ.എസ് സംവിധാനം പോലും ഫലപ്രദമാകാതെ പോവുകയാണ്.
അപേക്ഷ അംഗീകരിക്കുന്നതുവരെ മാത്രമാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉത്തരവാദിത്തമെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. തുടർന്ന് വിതരണം ഉറപ്പാക്കേണ്ട Indian Oil Corporation, Bharat Petroleum എന്നിവയുടെ സെയിൽസ് വിഭാഗവുമായി ബന്ധപ്പെടാൻ വ്യാപാരികൾ ശ്രമിച്ചാലും ഉദ്യോഗസ്ഥർ ഫോൺ എടുക്കുകയോ വ്യക്തമായ മറുപടി നൽകുകയോ ചെയ്യുന്നില്ലെന്നതാണ് പ്രധാന പരാതി.
ഇതിനിടെ ഗ്യാസ് ഏജൻസികൾ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് അധിക നിബന്ധനകൾ ഏർപ്പെടുത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഉപയോഗത്തിന്റെ 10 ശതമാനം മാത്രം അധികമായി നൽകാമെന്ന രീതിയിലുള്ള അശാസ്ത്രീയ മാനദണ്ഡങ്ങൾ പല സ്ഥലങ്ങളിലും നടപ്പിലാക്കുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഏജൻസികൾ തമ്മിലുള്ള മത്സരം മൂലം കൃത്യമായ രജിസ്ട്രേഷൻ സംവിധാനമില്ലാതെ തന്നെ വിതരണം നടത്തിയിരുന്നതും ഇപ്പോഴത്തെ ക്വോട്ട നിർണ്ണയത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.
പൊതുമേഖലാ വിതരണ ശൃംഖലയിലും കരിഞ്ചന്താ വിൽപന സജീവമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഔദ്യോഗിക വിതരണത്തിൽ തടസ്സം നേരിടുമ്പോൾ സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കപ്പെടുന്നുവെന്നാണ് ആരോപണം. ചില സ്വകാര്യ ഏജൻസികൾ ഒരു സിലിണ്ടറിന് 3500 രൂപ വരെ ഈടാക്കി വിതരണം നടത്തുന്നതായും ഹോട്ടൽ ഉടമകൾ പറയുന്നു. ഈ കൊള്ളവില നൽകി ഹോട്ടൽ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ.
പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാത്ത പക്ഷം ഏപ്രിൽ 1 മുതൽ സംസ്ഥാനവ്യാപക പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് കെ.എച്ച്.ആർ.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു. രണ്ട് ദിവസത്തിനകം ആവശ്യമായ സിലിണ്ടറുകൾ ലഭ്യമാക്കാത്ത പക്ഷം ഗ്യാസ് കമ്പനികളുടെ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണയും പ്രതിഷേധപരിപാടികളും ആരംഭിക്കാനാണ് തീരുമാനം.
ഇതിനൊപ്പം കൊമേഴ്സ്യൽ PNG (Piped Natural Gas) സംവിധാനത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ഹോട്ടൽ മേഖലയിൽ ആരംഭിച്ചു. ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക യോഗത്തിൽ PNG കണക്ഷനുകളെക്കുറിച്ചുള്ള സംശയനിവാരണവും പദ്ധതിയിൽ അംഗത്വം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ചർച്ചയായി. കമ്പനി പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജി.കെ. പ്രകാശൻ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, ഒ.കെ. നാരായണൻ നായർ, കെ.പി. സുന്ദരൻ, രാജേഷ് ഗോകുലം, എൻ.പി. അഷറഫ്, ചന്ദ്രബാബു സിദ്ധിഖ്, സിജോ കണ്ടാണ്ണശ്ശേരി, ജോഷി രാജലക്ഷ്മി, അബൂബക്കർ, സന്തോഷ് സൗപർണ്ണിക, മുബാറക്ക്, രഞ്ജിത്ത് വിനായക, ജയൻ എൻ.പി, മനോജ്, ഷാജഹാൻ, റോബിൻ കോട്ടപടി, അബൂബക്കർ ബർക്കത്ത് എന്നിവർ സംസാരിച്ചു.
ആവശ്യമായ ഇന്ധനം ലഭ്യമാകാതെ പോകുന്ന അവസ്ഥ തുടർന്നാൽ ചെറുകിട ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചുപൂട്ടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന ആശങ്കയും യോഗത്തിൽ പങ്കുവെക്കപ്പെട്ടു.


