പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാട്, തൃശൂർ ജില്ലകളിലായി സംഘടിപ്പിച്ചിട്ടുള്ള വിപുലമായ പ്രചാരണ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 1.30-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. സന്ദർശനത്തോടനുബന്ധിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ സുരക്ഷാ പരിശോധനകൾക്ക് ശേഷം പ്രവർത്തകരെയും പൊതുജനങ്ങളെയും സമ്മേളന നഗരിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.
ഉച്ചയ്ക്ക് പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗ്ഗമായിരിക്കും സമ്മേളന വേദിയായ കോട്ടമൈതാനത്തേക്ക് എത്തുക. മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്.ബി.ഐ ജംഗ്ഷൻ വഴി കടന്നുപോകുന്ന യാത്രയ്ക്കിടെ റോഡിന് ഇരുവശവും തടിച്ചുകൂടുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യും. എൻഡിഎയുടെ ദേശീയ-സംസ്ഥാന നേതാക്കളും ജില്ലയിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിയെ സ്വീകരിക്കും. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം തൃശൂർ ജില്ലയിലേക്ക് തിരിക്കും.
വൈകിട്ട് നാല് മണിയോടെ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കാളിയാകും. ആലത്തൂർ, തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും അദ്ദേഹത്തിനൊപ്പം വടക്കാഞ്ചേരി മേഖലയിലെ പ്രചാരണ പരിപാടികളുടെ ഭാഗമാകും. കുന്നംകുളത്തെ വിപുലമായ റോഡ് ഷോയ്ക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിൽ എത്തുന്ന അദ്ദേഹം അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ പോലീസിന്റെ കടുത്ത സുരക്ഷാ വലയത്തിലാണ്.


