പാലക്കാട്: എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാട്, തൃശൂർ ജില്ലകളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 1.30-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സുരക്ഷാപരിശോധനകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ പൊതുജനങ്ങളെയും പ്രവർത്തകരെയും സമ്മേളനവേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.
പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗം വന്നിറങ്ങുന്ന പ്രധാനമന്ത്രി, അവിടെനിന്ന് റോഡ് മാർഗമാണ് പൊതുസമ്മേളന നഗരിയായ കോട്ടമൈതാനത്തേക്ക് എത്തുക. മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്ബിഐ ജംഗ്ഷൻ വഴി കടന്നുപോകുന്ന യാത്രയ്ക്കിടെ പാതയുടെ ഇരുവശങ്ങളിലും അണിനിരക്കുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യും. എൻഡിഎയുടെ ദേശീയ-സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. പാലക്കാട്ടെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഹെലികോപ്റ്റർ മാർഗം തൃശൂരിലേക്ക് തിരിക്കും.
വൈകിട്ട് നാല് മണിയോടെ തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ അടുത്ത പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കുന്നംകുളത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന അദ്ദേഹം റോഡ് ഷോ മാതൃകയിലുള്ള പരിപാടിയിൽ പങ്കെടുക്കും. വടക്കാഞ്ചേരി മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും പ്രമുഖ നേതാക്കളും ഈ മഹാപ്രകടനത്തിന്റെ ഭാഗമാകും. തൃശൂരിലെ പരിപാടികൾ പൂർത്തിയാക്കി വൈകിട്ടോടെ കുന്നംകുളത്തുനിന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന അദ്ദേഹം തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട്, തൃശൂർ ജില്ലകളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.


