പാലക്കാട്: എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ പൊതുജനങ്ങളെയും പ്രവർത്തകരെയും സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ ചലനമുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഉച്ചയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ എൻഡിഎ ദേശീയ-സംസ്ഥാന നേതാക്കളും സ്ഥാനാർഥികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്ബിഐ ജംഗ്ഷൻ വഴി അദ്ദേഹം കോട്ടമൈതാനത്തേക്ക് എത്തും. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നിരക്കുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യും. പാലക്കാട്ടെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചതിരിഞ്ഞ് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തൃശൂർ ജില്ലയിലേക്ക് തിരിക്കും.
വൈകിട്ട് നാല് മണിയോടെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ അടുത്ത പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കുന്നംകുളത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന നരേന്ദ്രമോദി, വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുക്കും. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും പ്രമുഖ നേതാക്കളും റോഡ് ഷോയിൽ പ്രധാനമന്ത്രിയെ അനുഗമിക്കും. തൃശൂരിലെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട്, തൃശൂർ ജില്ലകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.


