പാലക്കാട്: എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാട് കോട്ടമൈതാനത്ത് ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നഗരത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ പൊതുജനങ്ങളെ സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.
എൻഡിഎയുടെ ദേശീയ-സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. നിശ്ചയിച്ച സമയക്രമം അനുസരിച്ച് പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗം വന്നിറങ്ങുന്ന അദ്ദേഹം, തുടർന്ന് റോഡ് മാർഗം മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്ബിഐ ജംഗ്ഷൻ വഴി കോട്ടമൈതാനത്തേക്ക് എത്തും. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയുള്ള റോഡിന് ഇരുവശത്തും അണിനിരക്കുന്ന പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ടാകും പ്രധാനമന്ത്രി സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുക.
പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗം തൃശൂർ ജില്ലയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വൈകിട്ട് നാല് മണിയോടെ കുന്നംകുളത്ത് എത്തും. ആലത്തൂർ, തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണാർത്ഥം കുന്നംകുളത്ത് സംഘടിപ്പിക്കുന്ന റോഡ് ഷോ മാതൃകയിലുള്ള പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തൃശൂർ ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും പ്രമുഖ നേതാക്കളും പ്രധാനമന്ത്രിയെ അനുഗമിക്കും. കുന്നംകുളത്തെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.


