പാലക്കാട്: എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന വൻ പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പാലക്കാട് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാപരിശോധനകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ പൊതുജനങ്ങളെയും പ്രവർത്തകരെയും സമ്മേളനവേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.
മഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗം വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗമാണ് സമ്മേളന നഗരിയായ കോട്ടമൈതാനത്തേക്ക് എത്തുക. മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്ബിഐ ജംഗ്ഷൻ വഴി കടന്നുപോകുന്ന യാത്രയ്ക്കിടെ റോഡിന് ഇരുവശവും അണിനിരക്കുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യും. എൻഡിഎ ദേശീയ-സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. പാലക്കാട്ടെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഹെലികോപ്റ്റർ മാർഗം തൃശൂരിലേക്ക് തിരിക്കും.
വൈകിട്ട് നാല് മണിയോടെ തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന അടുത്ത പ്രചാരണ പരിപാടി നടക്കുക. കുന്നംകുളത്ത് ഹെലികോപ്റ്ററിറങ്ങുന്ന നരേന്ദ്ര മോദി റോഡ് മാർഗം വടക്കാഞ്ചേരി മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുക്കും. കുന്നംകുളം, വടക്കാഞ്ചേരി മേഖലകളിലെ എൻഡിഎ സ്ഥാനാർഥികളും പ്രമുഖ നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും. തൃശൂരിലെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തൃശൂർ, പാലക്കാട് ജില്ലകളിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ കർശനമാക്കിയിട്ടുണ്ട്.


