the digital signature of the temple city

അമൃതയാത്രയ്ക്ക് ഗുരുവായൂരിൽ ഭക്തിപൂർണ വരവേൽപ്പ്; ചിന്മയ മിഷൻ 75ാം വാർഷികാഘോഷങ്ങൾക്ക് ആത്മീയ ഭാവം

പൂർണകുംഭ സ്വീകരണത്തിൽ തുടങ്ങി നാമജപ ഘോഷയാത്രയും ആദ്ധ്യാത്മിക സദസ്സുമായി ഗുരുവായൂർ നഗരത്തിൽ ഭക്തിസാന്ദ്ര അന്തരീക്ഷം

- Advertisement - Guruvayoor image
1000632950

ഗുരുവായൂർ: ചിന്മയാ മിഷന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓൾ ഇന്ത്യ ചിന്മയ യുവ കേന്ദ്ര സംഘടിപ്പിച്ച അമൃത യാത്രയ്ക്ക് ഗുരുവായൂരിൽ ഭക്തിപൂർണവും ആത്മീയോജ്വലവുമായ സ്വീകരണം ലഭിച്ചു. ഗുരുവായൂർ ചിന്മയാ മിഷൻ പ്രസിഡണ്ട് പ്രൊഫ. എൻ. വിജയൻ മേനോനും സെക്രട്ടറി സജിത് കുമാർ സി യും ചേർന്ന് മഞ്ജുളാൽ പരിസരത്ത് പൂർണകുംഭം നൽകി യാത്രയെ വരവേറ്റു. ചടങ്ങ് ആരംഭം മുതൽ തന്നെ വിശ്വാസികളും ഭക്തജനങ്ങളും പങ്കുചേർന്നതോടെ പ്രദേശം ആത്മീയോത്സവ വാതാവരണത്തിലേക്ക് മാറി.

ഗുരുദേവൻ സ്വാമി ചിന്മയാനന്ദജിയുടെ മൂർത്തിരൂപവും പാദുകയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പൂത്താലം, വാദ്യം, നാമജപം എന്നിവയുടെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തി. ക്ഷേത്രസന്നിധിയിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ ശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പാദുകയിൽ ഹാരാർപ്പണം നടത്തി ആദരവ് രേഖപ്പെടുത്തി.

തുടർന്ന് ഘോഷയാത്ര നഗരസഭ ലൈബ്രറി ഹാളിൽ സമാപിച്ചു. അവിടെ നടന്ന ആദ്ധ്യാത്മിക സദസ്സിൽ ബ്രഹ്മചാരി സുധീർ ചൈതന്യയുടെ നേതൃത്വത്തിൽ അഷ്ടോത്തര നാമാർച്ചന നടന്നു. വേദിയിലും സദസ്സിലും സന്നിഹിതരായ എല്ലാവരും ഗുരുദേവന്റെ പാദുകയിൽ പുഷ്പാർച്ചന നടത്തി ഭക്തിപൂർവ്വം പങ്കുചേർന്നു.

ചിന്മയാ മിഷൻ പ്രസിഡണ്ട് പ്രൊഫ. എൻ. വിജയൻ മേനോന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തൃശൂർ ചിന്മയ മിഷൻ ആചാര്യ സ്വാമിനി സംഹിതാനന്ദജി അനുഗ്രഹപ്രഭാഷണവും ആചാര്യ സുധീർ ചൈതന്യ ആമുഖ പ്രഭാഷണവും നടത്തി.

സ്വാഗതസംഘം വൈസ് ചെയർമാൻ അഡ്വ. രവി ചങ്കത്ത്, നഗരസഭ കൗൺസിലർമാരായ ബിന്ദു നാരായണൻ, കൃഷ്ണപ്രിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചിന്മയ മിഷൻ സെക്രട്ടറി സജിത് കുമാർ സി സ്വാഗതവും ട്രഷറർ ഡോ. സുരേഷ് നായർ നന്ദിയും രേഖപ്പെടുത്തി.

ആദ്ധ്യാത്മിക സദസ്സിന് ശേഷം സമീപത്ത് ഒരുക്കിയിരുന്ന അമൃതവാഹിനിയിൽ ഗുരുദേവൻ സ്വാമി ചിന്മയാനന്ദജി നിത്യോപയോഗത്തിൽ ഉപയോഗിച്ചിരുന്ന അമൂല്യവസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. നൂറുകണക്കിന് ഭക്തർ ഇവ ദർശിക്കുകയും ഗംഗാതീർത്ഥം സ്വീകരിക്കുകയും ചെയ്തു.

ദേവി ഗ്രൂപ്പ് കോർഡിനേറ്റർ ശ്രീമതി എം. ഹേമ ടീച്ചറുടെ നേതൃത്വത്തിൽ നൂറോളം അമ്മമാർ ചേർന്ന് നാരായണീയ പാരായണം നടത്തി. ശ്രീ എം. അനൂപ് ശർമ്മ, ശ്രീമതി രാധ വി. മേനോൻ, ശ്രീ ഭരതൻ, ശ്രീ പി.കെ.എസ് മേനോൻ, ശ്രീമതി ശ്രീകല ദേവി, ശ്രീമതി നിർമ്മല പണിക്കർ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

ആഘോഷങ്ങൾക്ക് ഗുരുവായൂരിൽ ലഭിച്ച ജനപങ്കാളിത്തം ചിന്മയാ മിഷന്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയെയും ഭക്തിപാരമ്പര്യത്തെയും വീണ്ടും തെളിയിച്ചു..

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts