the digital signature of the temple city

പഴമയുടെ പെരുമയിൽ ഗുരുവായൂർ; ദേവസ്വം നിയമത്തിന് 55 വർഷം – ഉത്സവത്തിനിടെ അന്നും ഇന്നും ഭരണമാറ്റം

1971 മാർച്ച് 10ന് സി.എച്ച്. ദാമോദരൻ നമ്പ്യാർ ആദ്യ അഡ്മിനിസ്ട്രേറ്റർ; 55 വർഷങ്ങൾക്ക് ശേഷം 2026 മാർച്ച് 10ന് ഒ.ബി. അരുൺകുമാർ 46-ാമത് അഡ്മിനിസ്ട്രേറ്ററായി സേവനം

- Advertisement - Guruvayoor image

ഗുരുവായൂർ: പഴമയും പാരമ്പര്യവും ചേർന്ന മഹിമയിൽ നിലകൊള്ളുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണചരിത്രത്തിൽ നിർണായകമായൊരു മൈൽസ്റ്റോണായി മാറിയ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നിട്ട് ഇന്ന് 55 വർഷം പൂർത്തിയാകുന്നു. അതിനോടനുബന്ധിച്ച് ചരിത്രത്തിലെ ഒരു കൗതുകകരമായ യാദൃശ്ചികതയും വീണ്ടും ആവർത്തിക്കപ്പെടുകയാണ്—ഉത്സവത്തിനിടയിൽ തന്നെയാണ് അന്നും ഇന്നും ഗുരുവായൂർ ക്ഷേത്രഭരണത്തിൽ മാറ്റം സംഭവിച്ചിരിക്കുന്നത്.

1971 മാർച്ച് 7ന് ഗുരുവായൂരപ്പന്റെ ഉത്സവം കൊടിയേറിയതിന് പിന്നാലെ ക്ഷേത്രഭരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ നടന്നു. ദീർഘകാലമായി നിലനിന്നിരുന്ന ട്രസ്റ്റി ഭരണരീതിക്ക് പകരം ജനാധിപത്യ രീതിയിലുള്ള ഭരണസംവിധാനം നടപ്പിലാക്കാൻ സർക്കാരിന്റെ ഇടപെടലോടെ ഗുരുവായൂർ ദേവസ്വം നിയമം പ്രാബല്യത്തിൽ വന്നു. 1971 മാർച്ച് 9ന് സർക്കാർ ഓർഡിനൻസിലൂടെ നിയമം നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും, ക്ഷേത്രഭരണം പുതിയ ഭരണസമിതിയുടെ കീഴിലാക്കുകയും ചെയ്തു.

ഗുരുവായൂർ ക്ഷേത്രം ഭാരതത്തിലെ അതിപ്രധാനമായ ആരാധനാകേന്ദ്രങ്ങളിലൊന്നാണ്. വിശാലമായ സ്വത്തുക്കളും ധർമ്മപ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഭരണവും മേൽനോട്ടവും ഏറെക്കാലം കോഴിക്കോട്ടെ സാമൂതിരി രാജാവിനും ഗുരുവായൂരിലെ മല്ലിശ്ശേരി മനയ്ക്കലെ കാരണവന്മാർക്കും കീഴിലായിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ 1930 ലെ വിധിപ്രകാരം രൂപീകരിച്ച സ്കീമും പിന്നീട് 1933 ലെ ജില്ലാ കോടതിയുടെ വിധിയിലൂടെ ഭേദഗതി ചെയ്ത സംവിധാനവുമായിരുന്നു ക്ഷേത്രഭരണത്തിന് അടിസ്ഥാനമായിരുന്നത്.

എന്നാൽ കാലക്രമേണ ഈ സംവിധാനത്തിൽ ഭരണപരമായ പ്രശ്നങ്ങൾ ഉയർന്നതോടെ പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനു പുതിയ ഭരണരീതി ആവശ്യമായി വന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക്കിന്റെ 22-ാം വർഷത്തിൽ ഗുരുവായൂർ ദേവസ്വം ആക്ട് രൂപീകരിക്കപ്പെട്ടത്. 1971 ലെ ഗുരുവായൂർ ദേവസ്വം ആക്ട് പ്രകാരം ക്ഷേത്രഭരണം ജനാധിപത്യ സംവിധാനത്തിലുള്ള ഭരണസമിതിയുടെ നിയന്ത്രണത്തിലായി.

ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ 1971 മാർച്ച് 10ന്, ഉത്സവത്തിന്റെ നാലാം ദിവസം, അന്നത്തെ തൃശൂർ ആർ.ഡി.ഒ ആയിരുന്ന സി.എച്ച്. ദാമോദരൻ നമ്പ്യാർ ഗുരുവായൂർ ദേവസ്വത്തിന്റെ ആദ്യ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. ക്ഷേത്രഭരണത്തിന്റെ പുതിയ അധ്യായത്തിന് അന്ന് തുടക്കമിട്ടു.

ഇപ്പോൾ 55 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചരിത്രസമാനതയാണ് ആവർത്തിക്കുന്നത്. 2026 മാർച്ച് 10ന് ഗുരുവായൂർ ദേവസ്വത്തിന്റെ 46-ാമത് അഡ്മിനിസ്ട്രേറ്ററായി ഒ.ബി. അരുൺകുമാർ സേവനം അനുഷ്ഠിക്കുമ്പോൾ, ഉത്സവത്തിന്റെ ഒമ്പതാം ദിവസം ദേവസ്വം ഭരണസമിതിയുടെ പുതിയ ചെയർമാനായി എ.വി. ഗോപിനാഥ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

1971 ലെ ആദ്യ ഭരണസമിതിയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ മുൻ മാനേജിംഗ് ട്രസ്റ്റിയായിരുന്ന സാമൂതിരി രാജാവ് ചെയർമാനായും, മല്ലിശ്ശേരി നമ്പൂതിരി വൈസ് ചെയർമാനായും പ്രവർത്തിച്ചു. അതേസമയം സ്ത്രീ സാന്നിധ്യവും ഭരണസമിതിയിൽ ഉണ്ടായിരുന്നു. പിന്നീട് 1978ന് ശേഷം ആദ്യമായി 2026ൽ വീണ്ടും വനിതാ പ്രതിനിധിയായി എം.വി. ഷിനിജ ഭരണസമിതിയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തത് ശ്രദ്ധേയമായി.

ഭക്തജനങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ക്ഷേത്രത്തിന്റെ പാരമ്പര്യവും മഹിമയും സംരക്ഷിക്കുകയും ചെയ്യുന്ന സേവനങ്ങൾ പുതിയ ഭരണസംവിധാനത്തിന് ഗുരുവായൂരപ്പനോടുള്ള സമർപ്പണമാകട്ടെയെന്ന ആശംസയോടെയാണ് ഭക്തജനങ്ങളും നാട്ടുകാരും ഈ ചരിത്രദിനത്തെ ഓർക്കുന്നത്.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts