115 രൂപയിൽ ആരംഭിച്ച മണ്ഡപം ഇന്ന് സ്വർണ്ണകവചത്തിൽ; ശിൽപി താജ്ജുദ്ദീന് ഗുരുവായൂരപ്പന്റെ അനുഗ്രഹസാഫല്യം: മൂന്ന് ദശാബ്ദമായി ഭക്തരെ ആകർഷിക്കുന്ന ദിവ്യസാന്നിധ്യം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മഹിമയെ രാജകീയ ഭംഗിയിൽ ഉയർത്തുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് ഉത്സവമൂർത്തിയായ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ച് വയ്ക്കുന്ന പഴുക്കാമണ്ഡപം. ഇന്ന് ഭക്തജനങ്ങളെ വിസ്മയിപ്പിക്കുന്ന ഈ സ്വർണ്ണംപൊതിഞ്ഞ മണ്ഡപത്തിന് പിന്നിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു അപൂർവ ചരിത്രവും ഭക്തിയും ഒളിഞ്ഞുകിടക്കുന്നു.
ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ എട്ടാം വിളക്ക് വരെ രാവിലെ നാലമ്പലത്തിനകത്തും വൈകീട്ട് വടക്കേനടയിലും ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പും പഞ്ചലോഹത്തിടമ്പും എഴുന്നള്ളിച്ച് വയ്ക്കുന്ന ആചാരം ഭക്തജനങ്ങൾക്കിടയിൽ അത്യന്തം വിശേഷപ്രാധാന്യമുള്ളതാണ്. പള്ളിവേട്ടയും ആറാട്ട് ദിനങ്ങളിലെ ദീപാരാധനയും ഉൾപ്പെടെ വിവിധ ഉത്സവചടങ്ങുകളിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നത് ഈ പഴുക്കാമണ്ഡപത്തിലാണ്..
പൗരാണിക ആചാരത്തിൽ നിന്നുള്ള മണ്ഡപം
പൗരാണികകാലം മുതൽ ക്ഷേത്രോത്സവങ്ങളിൽ ഉത്സവമൂർത്തിയെ എഴുന്നള്ളിച്ച് വയ്ക്കാൻ പഴുക്കാമരം (അടക്കമരം/കവുങ്ങ്) ഉപയോഗിച്ച് താൽക്കാലികമായി നിർമ്മിക്കുന്ന ചെറിയ ക്ഷേത്രമാതൃകയിലുള്ള മണ്ഡപം ഒരുക്കുക പതിവായിരുന്നു. ഇതാണ് പിന്നീട് “പഴുക്കാമണ്ഡപം” എന്ന പേരിൽ അറിയപ്പെടുന്നത്.
ഭൂലോകവൈകുണ്ഡമായി വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകോവിൽ തന്നെ സ്വർണ്ണകവചം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഉത്സവമൂർത്തിയെ എഴുന്നള്ളിച്ച് വയ്ക്കുന്ന മണ്ഡപവും അതിനൊത്ത മഹിമയിൽ ഒരുക്കണമെന്ന ആലോചന പിന്നീട് ഉദിച്ചു.
1955-ൽ ആദ്യ സ്ഥിര പഴുക്കാമണ്ഡപം
ചരിത്രരേഖകൾ പ്രകാരം 1955-ലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായി സ്ഥിരമായ ഒരു പഴുക്കാമണ്ഡപം നിർമ്മിച്ചത്.
അന്നത്തെ സാമൂതിരി രാജാവിന്റെ ഉത്തരവുപ്രകാരം ഉത്സവകാലത്ത് ഉപയോഗിക്കാനുള്ള ഈ മണ്ഡപം നിർമ്മിക്കാൻ 115 രൂപ ചെലവ് അനുവദിച്ചിരുന്നുവെന്നത് രേഖകളിൽ കാണുന്നു.
അതേസമയം മണ്ഡപത്തിന്റെ മൂന്ന് ഭാഗങ്ങളിലും ചിത്രങ്ങൾ വരച്ചതിന് വി. കുട്ടിക്കൃഷ്ണൻ എന്ന കലാകാരന് 145 രൂപ അനുവദിച്ചതായും സാമൂതിരി രേഖകൾ വ്യക്തമാക്കുന്നു.ഉത്സവാചാരങ്ങൾക്ക് ഒരു പുതിയ മാതൃക രൂപപ്പെട്ടു. പിന്നീട് കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് ദേവനെ എഴുന്നള്ളിച്ച് വയ്ക്കുന്ന മണ്ഡപം നിർമ്മിക്കുന്ന പതിവ് വ്യാപകമായി.
1970ലെ അഗ്നിബാധയ്ക്ക് ശേഷം നവീകരണകാലം
1970-ലെ ഗുരുവായൂർ ക്ഷേത്ര അഗ്നിബാധയ്ക്ക് ശേഷം നടന്ന വിപുലമായ നവീകരണപ്രവർത്തനങ്ങൾ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ നിർണായകഘട്ടമായി. സഹസ്രകലശം ഉൾപ്പെടെയുള്ള ചടങ്ങുകളും പുനർനിർമാണപ്രവർത്തനങ്ങളും രാജ്യവ്യാപക ശ്രദ്ധ നേടി.
പ്രധാനമന്ത്രി മുതൽ രാഷ്ട്രപതി വരെ നിരവധി വിശിഷ്ടാതിഥികൾ ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തി. ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചതോടെ ക്ഷേത്രത്തിൽ നിരവധി പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും നടപ്പിലാക്കി.ഈ കാലഘട്ടത്തിലാണ് പഴുക്കാമണ്ഡപവും സ്വർണ്ണകവചം ചെയ്യണം എന്ന ആശയം ദേവസ്വം അധികൃതരിൽ ഉയർന്നത്.
സ്വർണ്ണമണ്ഡപത്തിന്റെ നിർമ്മാണം
1990-കളുടെ തുടക്കത്തിൽ ദേവസ്വം നടപടികൾ ആരംഭിച്ചു. എന്നാൽ ചില ഘട്ടങ്ങളിൽ വൈകിയിരുന്ന പദ്ധതി പിന്നീട് ദ്രുതഗതിയിൽ മുന്നേറി.ഈ മഹത്തരമായ നിർമാണപ്രവർത്തനത്തിന് അവസരം ലഭിച്ചത് തമിഴ്നാട്ടിലെ പഴനി സ്വദേശിയായ താജ്ജുദ്ദീൻ എന്ന ശിൽപ്പിക്കായിരുന്നു. ഏകദേശം 2 കിലോ 536 ഗ്രാം സ്വർണം ഉപയോഗിച്ചാണ് സ്വർണ്ണപ്പാളികൾ തയ്യാറാക്കിയത്. നല്ലതേക്ക് മരം ഉപയോഗിച്ച് ശ്രീകോവിലിന്റെ മാതൃകയിൽ മണ്ഡപം നിർമ്മിച്ച് ചെമ്പുപാളികൾ പൊതിഞ്ഞ ശേഷം അതിന് മുകളിൽ സ്വർണ്ണത്തകിടുകൾ പതിപ്പിച്ചു.
അച്ഛന്റെ പാത പിന്തുടർന്ന മകൻ
താജ്ജുദ്ദീന്റെ പിതാവ് അമീർഖാൻ 1978-ൽ ഗുരുവായൂരപ്പന്റെ സ്വർണ്ണശ്രീകോവിലും മുഖമണ്ഡപവും സ്വർണ്ണത്തകിടടിച്ച് മനോഹരമാക്കിയിരുന്നു. അന്നത്തെ പ്രവർത്തനത്തിൽ പിതാവിനെ സഹായിച്ച യുവാവായിരുന്നു താജ്ജുദ്ദീൻ.1980-ൽ ക്ഷേത്രത്തിലെ നമസ്കാരമണ്ഡപം സ്വർണ്ണംപതിപ്പിക്കുന്ന പ്രവർത്തിയും അദ്ദേഹത്തിന് ലഭിച്ചു. ഈ അനുഭവങ്ങളാണ് പിന്നീട് പഴുക്കാമണ്ഡപം സ്വർണ്ണം പൊതിയുന്ന മഹത്തായ ദൗത്യത്തിന് അദ്ദേഹത്തെ നിയോഗിച്ചതെന്ന് കരുതപ്പെടുന്നു.
ഭക്തിയോടെ നടത്തിയ സേവനം
മതിൽക്കകത്ത് പ്രവേശനാനുമതി ഇല്ലായിരുന്നിട്ടും താജ്ജുദ്ദീൻ ദിനവും ദീപസ്തംഭത്തിനടുത്ത് നിന്ന് ഗുരുവായൂരപ്പനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു. ദേവസ്വത്തിന്റെ പുത്തൻമാളികയിൽ താമസിച്ചുകൊണ്ടാണ് അദ്ദേഹം ഈ സ്വർണ്ണമണ്ഡപത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ലഭിച്ചതാണിതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
1993-ൽ പൂർത്തിയായ സ്വർണ്ണമണ്ഡപം
1993-ലെ ഗുരുവായൂർ ഉത്സവത്തിന് മുമ്പായി സ്വർണ്ണകവചം ചെയ്ത പഴുക്കാമണ്ഡപം പണിപൂർത്തിയായി. അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ. രാഘവൻ താജ്ജുദ്ദീനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭക്തജനങ്ങളും അദ്ദേഹത്തെ അഭിനന്ദിച്ചു. പിന്നീട് കൊറോണ കാലഘട്ടത്തിൽ താജ്ജുദ്ദീൻ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും, ഗുരുവായൂരപ്പനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും കരവിരുതും ഇന്നും പഴുക്കാമണ്ഡപത്തിൽ തെളിഞ്ഞുനിൽക്കുന്നു.
ഉത്സവകാലത്തെ ദിവ്യദർശനം
ഇന്നും ഓരോ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 1 മുതൽ രാവിലെയും വൈകീട്ടും ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് വയ്ക്കുന്ന ചടങ്ങ് നടക്കുന്നു.തെച്ചിയും തുളസിയും താമരമാലകളും അണിഞ്ഞ്, ആലവട്ടം, വെഞ്ചാമരം, ദീപങ്ങൾ, കർപ്പൂരം, ചന്ദനത്തിരി എന്നിവയുടെ സുഗന്ധപൂരിതമായ അന്തരീക്ഷത്തിൽ പഴുക്കാമണ്ഡപത്തിലെ ഗുരുവായൂരപ്പന്റെ ദർശനം ഭക്തജനങ്ങൾക്ക് ഒരു ദിവ്യാനുഭൂതിയാണ്. ആ ദർശനം ജീവിതത്തിലെ മഹാഭാഗ്യമായി ഭക്തർ കരുതുന്നു.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ


