ഗുരുവായൂർ: മനുഷ്യൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമ്മം മുന്നോട്ടുവെക്കുന്ന ജീവിതരീതിയെന്ന് പദ്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി. ഗുരുവായൂർ സായി മന്ദിരത്തിൽ നടന്ന ശിവരാത്രി സാംസ്കാരിക സമ്മേളനവും ജീവകാരുണ്യ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരാണകഥകൾക്കു പിന്നിലെ യഥാർത്ഥ തത്ത്വത്തെയാണ് നാം ഉൾക്കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനസ്സിൻ്റെ നൈർമല്യമാണ് ആത്മീയത കൊണ്ട് മനുഷ്യൻ നേടിയെടുക്കേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ജയരാജ് മിത്ര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുരാണകഥകളിലെ തത്ത്വങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത് ഈ ലക്ഷ്യത്തോടെയായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സായി സ്പർശം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ ശിവരാത്രി സന്ദേശം നൽകി.
ചടങ്ങിൽ നഗരസഭ വാർഡ് കൗൺസിലർ ബിന്ദു നാരായണൻ ആശംസകൾ നേർന്നു. മുത്തപ്പൻ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയ സനൽ പെരുവണ്ണാനെ ചടങ്ങിൽ ആദരിച്ചു. ജുന അഖാഡ ഹരിദ്വാർ വിശ്വംഭർ ഭാരതി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. രമൺ ഭാരതി മഹാരാജ് (മധ്യപ്രദേശ്), മഹന്ത് ശിവാനി ഭാരതി മഹാരാജ് (ഇറ്റലി), ഋഷികേശാനന്ദ മഹാരാജ് (ഋഷികേശ്) എന്നിവർ സംസാരിച്ചു. കുംഭമേളയിൽ ധർമ്മ സേവന പ്രവർത്തനങ്ങൾ നടത്തിയ പ്രവിൽ കെ.ആർ, എം.എസ് ശശി മരുതയൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അരുൺ സി നമ്പ്യാർ സ്വാഗതവും പ്രവിൽ കെ.ആർ നന്ദിയും പറഞ്ഞു. ശിവരാത്രി ദിനത്തിൽ രാവിലെ 9 മണി മുതൽ മുത്തപ്പൻ തെയ്യം ഭക്തജനങ്ങൾക്ക് കൽപ്പന നൽകുമെന്നും സംഘാടകർ അറിയിച്ചു.

