ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി രാമൻ നമ്പൂതിരിയെ പ്രവൃത്തിയിൽ നിന്ന് മാറ്റിനിർത്തിയത് ഭക്തരോടും ദേവസ്വം ഭരണസമിതിയോടും മോശമായി പെരുമാറിയതിനെ തുടർന്നാണെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും യാഥാർത്ഥ്യവുമായി ഇതിന് ബന്ധമില്ലെന്നും കെ പി വിശ്വനാഥൻ അറിയിച്ചു. ഭക്തർക്ക് ദർശനം നിഷേധിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചകളുമാണ് രാമൻ നമ്പൂതിരിക്കെതിരെ നടപടിയെടുക്കാൻ കാരണമായത്.
കഴിഞ്ഞ ഒക്ടോബർ 20-ന് നിർമ്മാല്യം തൊഴാൻ ഭക്തർ കാത്തുനിൽക്കെ രാമൻ നമ്പൂതിരി ശ്രീകോവിൽ വാതിൽ ബലമായി അടച്ചതായാണ് പരാതി. ഇത്തരത്തിൽ കനത്ത ശബ്ദത്തോടെ വാതിൽ അടയ്ക്കുന്നത് പതിവാണെന്നും ഇതിനെ തുടർന്ന് ശ്രീകോവിൽ വാതിലിലെ മണികൾ കേടുപാടുകൾ സംഭവിച്ച് തെറിച്ചുവീണതായും കണ്ടെത്തിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും ദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ ക്ഷേത്രം മാനേജരും സെക്യൂരിറ്റി ഓഫീസറുമാണ് ഭരണസമിതിക്ക് ഔദ്യോഗികമായി പരാതി നൽകിയത്. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥനും ഭാര്യയും നടയിൽ നിൽക്കുമ്പോൾ വാതിൽ അടച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഭരണസമിതി അംഗം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വസ്തുത അന്വേഷിക്കാൻ ഭരണസമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തിയ രാമൻ നമ്പൂതിരി, സമിതി അംഗങ്ങളോട് അങ്ങേയറ്റം ധിക്കാരപരമായാണ് പെരുമാറിയത്. മുൻപും സമാനമായ പരാതികളിൽ നടപടി നേരിട്ടിട്ടുണ്ടെന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും ആക്രോശിച്ചുകൊണ്ട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നെന്നും, തുടർന്ന് രാമൻ നമ്പൂതിരിയെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്താൻ ഭരണസമിതി തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് കൈപ്പറ്റാനോ വിശദീകരണം നൽകാനോ രാമൻ നമ്പൂതിരി ഇതുവരെ തയ്യാറായിട്ടില്ല. ദേവസ്വത്തെയും അധികൃതരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനമെന്ന് കെ പി വിശ്വനാഥൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

