തോട് ശുചീകരണത്തിനും സുരക്ഷാ സംവിധാനങ്ങൾക്കും ഉറപ്പ്; ആരോഗ്യഭീഷണി ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ പരിസരത്തും, മമ്മിയൂർ മഹാദേവ ക്ഷേത്രപരിസരത്തും ദീർഘകാലമായി വലിയ തോതിൽ മാലിന്യം അടിഞ്ഞുകൂടി ഗുരുതരമായ ആരോഗ്യ-സുരക്ഷാ ഭീഷണി ഉയർത്തുന്ന പ്രദേശം അടിയന്തിരമായി വൃത്തിയാക്കുമെന്ന് നഗരസഭാ അധികൃതർ ഉറപ്പ് നൽകി. പ്രദേശത്തെ വിദ്യാർത്ഥികളും പൊതുജനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, വാർഡ് കൗൺസിലർ ബിന്ദു നാരായണൻ, കൗൺസിലർമാരായ ജലീൽ പടിക്കവീട്ടിൽ, വി. എസ്. നവനീത് എന്നിവർ നഗരസഭ ക്ലീൻ സിറ്റി മാനേജറെ നേരിട്ട് കണ്ടു വിഷയം അവതരിപ്പിച്ചതിന് പിന്നാലെയാണ് നടപടി ഉറപ്പായത്.
സ്കൂളിന് സമീപമുള്ള തോട് ശുചീകരണമില്ലാതെ വർഷങ്ങളായി അവഗണിക്കപ്പെട്ട നിലയിലാണ്. വീട്ടുമാലിന്യങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അഴുക്കുകൾ എന്നിവ തോട്ടിൽ അടിഞ്ഞുകൂടിയതോടെ ദുർഗന്ധം വ്യാപിക്കുകയും കൊതുകുകളുടെ പെരുപ്പം വർധിക്കുകയും ചെയ്തിരിക്കുകയാണ്. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് മൂലം പകർച്ചവ്യാധികളുടെ സാധ്യത കൂടുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.
ലക്ഷക്കണക്കിന് ഭക്തർ വർഷംതോറും എത്തുന്ന ഗുരുവായൂർ ക്ഷേത്രനഗരിയിൽ, മമ്മിയൂർ മഹാദേവ ക്ഷേത്രപരിസരത്ത് രൂപപ്പെട്ട ഗുരുതര മാലിന്യപ്രശ്നം നഗരസഭയുടെ അനാസ്ഥയുടെ തെളിവായി മാറുകയാണ്. ഗുരുവായൂരിലെത്തുന്ന ഭക്തരിൽ വലിയൊരു വിഭാഗം മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തുന്ന സാഹചര്യത്തിൽ, ക്ഷേത്രത്തിലേക്കുള്ള പ്രധാന സഞ്ചാരപാതയ്ക്കരികിലുള്ള ഈ വലിയ തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്നത് ഭക്തർക്കും പ്രദേശവാസികൾക്കും ഒരുപോലെ അസഹ്യമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ മുൻപ് തന്നെ നഗരസഭയുടെ ശ്രദ്ധ ക്ഷണിച്ചിരുന്നുവെങ്കിലും, അന്ന് ബ്ലീച്ചിംഗ് പൗഡർ വിതറുക മാത്രമാണ് നടത്തിയതെന്ന് വാർഡ് കൗൺസിലർ ബിന്ദു നാരായണൻ പറഞ്ഞു. ഇത് താൽക്കാലിക നടപടിയായി മാത്രം മാറിയതോടെ യഥാർത്ഥ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്നും, തോട് പൂർണ്ണമായും ശുചീകരിച്ച് മാലിന്യം നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
കൂടാതെ, സ്കൂൾ പരിസരത്തോട് ചേർന്ന തോടിന് മതിയായ കൈവരി ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വിദ്യാർത്ഥികൾ ദിവസേന സഞ്ചരിക്കുന്ന വഴിയായതിനാൽ കൈവരി സ്ഥാപിക്കാതിരിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണെന്നും, സുരക്ഷാ നടപടികൾ അടിയന്തിരമായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ ഗുരുതര വിഷയത്തെക്കുറിച്ച് മുൻപ് തന്നെ ഗുരുവായൂർ ഓൺലൈൻ വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ( https://guruvayooronline.com/?p=23248 ), നഗരസഭ വാഗ്ദാനം ചെയ്ത നടപടികൾ എത്രയും വേഗം നടപ്പിലാക്കുമോ എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ പ്രതീക്ഷ.

