അമേരിക്കയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന രാജ്യമായി ഇന്ത്യ:
അടിച്ചമർത്തലിന്റെ രാഷ്ട്രീയം പുറത്തുവിട്ട്
കേന്ദ്ര സർക്കാരിനെതിരെ കെ.സി. വേണുഗോപാൽ

ഗുരുവായൂർ :എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപന്റെ രാഷ്ട്രീയ–സാമൂഹിക ജീവിതത്തെ ആവിഷ്കരിക്കുന്ന ലഘുജീവചരിത്ര ഗ്രന്ഥമായ ‘ഇങ്ങനെയൊരാൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിച്ചു. കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമരവും സേവനവും ഒരുപോലെ അടയാളപ്പെടുത്തിയ നേതാവിന്റെ ജീവിതപാതയാണ് പുസ്തകം അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന് ആദ്യ പ്രതി കൈമാറിയാണ് കെ.സി. വേണുഗോപാൽ പുസ്തകം പ്രകാശനം ചെയ്തത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായിരുന്നു.

ഉദ്ഘാടന പ്രസംഗത്തിൽ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ ശക്തമായി വിമർശിച്ച കെ.സി. വേണുഗോപാൽ,
“ഇന്ന് ഇന്ത്യ അമേരിക്കയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന രാജ്യമായി മാറിയിരിക്കുന്നു” എന്ന പരാമർശത്തിലൂടെ കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെയും ഭരണശൈലിയെയും കടന്നാക്രമിച്ചു.
രണ്ട് രാജ്യങ്ങൾ തമ്മിൽ ഒപ്പിടുന്ന നിർണായക കരാറുകളിൽ പാലിക്കേണ്ട അടിസ്ഥാന ജനാധിപത്യ മര്യാദകൾ പോലും പാലിക്കപ്പെടുന്നില്ലെന്നും, അത്തരം കരാറുകൾ പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാതെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ഇത് കൃഷിക്കാരെ എങ്ങനെ ബാധിക്കുമെന്ന് പോലും ജനങ്ങൾക്ക് ഇതുവരെ അറിയില്ല. ചോദ്യമുന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന, ചോദ്യം ചോദിക്കാത്ത ലോകത്ത് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു” എന്നും കെ.സി. പറഞ്ഞു. ഇത്തരത്തിലുള്ള വിഷയങ്ങൾ തുറന്നുപറയുന്നവർക്ക് പിന്നാലെ ഇ.ഡി-യും സിബിഐയും എത്തുന്ന കാലഘട്ടമാണിതെന്നും, ജനാധിപത്യ മൂല്യങ്ങൾ അപകടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടലുപോലുള്ള ജീവിതം, ഉറച്ച നിലപാടുകൾ
ടി.എൻ. പ്രതാപന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ച് വികാരഭരിതമായി സംസാരിച്ച കെ.സി. വേണുഗോപാൽ, മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുയർന്ന് കഷ്ടപ്പാടുകളും പോരാട്ടങ്ങളും അനുഭവിച്ചാണ് പ്രതാപൻ രാഷ്ട്രീയരംഗത്ത് വളർന്നതെന്ന് പറഞ്ഞു.
“സർട്ടിഫിക്കറ്റുകൾക്കപ്പുറം കണ്ണുകളിൽ കഥനവും മനസ്സിൽ ജനങ്ങളോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയാണ് പ്രതാപൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്” എന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.യു നേതാവായിരിക്കെ സമരവുമായി നാട്ടിലെത്തിയപ്പോൾ പ്രതാപന്റെ വീട് സന്ദർശിച്ച അനുഭവം ഓർത്തെടുത്ത്, വിദ്യാർഥിയായിരിക്കെ തന്നെ എത്രയോ വലിയ വിഷമഘട്ടങ്ങളിലൂടെയാണ് പ്രതാപൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയതെന്ന് അന്ന് ബോധ്യപ്പെട്ടുവെന്നും കെ.സി. വ്യക്തമാക്കി.
“കാറ്റും കോളും നിറഞ്ഞ കടൽ പോലെയാണ് പ്രതാപന്റെ ജീവിതം” എന്ന ഉപമയിലൂടെ അദ്ദേഹത്തിന്റെ സമരാത്മക രാഷ്ട്രീയ പാതയെ അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ന് എഐസിസി സെക്രട്ടറിയായി പ്രതാപൻ തന്റെ ഒപ്പമുണ്ടെന്നത് അഭിമാനകരമാണെന്നും, സങ്കടങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന ജനങ്ങളുടെ നടുവിൽ ഒരാളായി മാറുന്ന പൊതുപ്രവർത്തന ശൈലിയാണ് പ്രതാപന്റെ ഏറ്റവും വലിയ ശക്തിയെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. പരിമിതികൾ എല്ലാ മനുഷ്യർക്കുമുണ്ടെങ്കിലും, അത്തരം പരിമിതികൾക്കപ്പുറം എടുക്കുന്ന നിലപാടുകളിൽ ഉറച്ചുനിന്ന് ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയ ആത്മാവാണ് പ്രതാപനെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിമർശനവും സാഹിത്യ പരാമർശവും
കോൺഗ്രസുകാരെ സാഹിത്യവിരുദ്ധരാക്കിക്കാണിക്കുന്ന പ്രചാരണങ്ങളെ വിമർശിച്ച കെ.സി. വേണുഗോപാൽ,
“കോൺഗ്രസുകാർക്ക് പുസ്തകം ഇഷ്ടമില്ലെന്നും എഴുതാൻ അറിയില്ലെന്നും ചിലർ പ്രചരിപ്പിക്കാറുണ്ട്. എന്നാൽ ആളെ വെട്ടിക്കൊല്ലാനുള്ള സാഹിത്യമാണ് കമ്യൂണിസ്റ്റുകാർ വായിക്കുന്നത്” എന്ന പരാമർശത്തിലൂടെ രാഷ്ട്രീയ വിമർശനം കൂടുതൽ മൂർച്ചപ്പെടുത്തി.

ചടങ്ങിൽ ഒ. അബ്ദുറഹ്മാൻകുട്ടി, സി.എച്ച്. റഷീദ്, എം.പി. വിൻസന്റ്, ടി.എസ്. അജിത്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, വി.എം. മുഹമ്മദ് ഗസാലി, പ്രതാപൻ തായാട്ട്, സി.സി. ശ്രീകുമാർ, ഒ.കെ.ആർ. മണികണ്ഠൻ, സി.എ. അബ്ദുൽ ഹമീദ്, കരീം വെങ്കിടങ്ങ്, എസ്. സുരജ്, ഡോ. എൻ.എസ്. എ. പ്രസാദ്, രാജൻ പല്ലൻ, ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, അരവിന്ദൻ പല്ലത്ത് തുടങ്ങിയ നേതാക്കളും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
രാഷ്ട്രീയ ജീവിതത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.സി. വേണുഗോപാലിനോടുള്ള സ്നേഹാദര സൂചകമായി കേക്ക് മുറിക്കുകയും, 51 നേതാക്കൾ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.
കെ.എസ്. കാലം മുതലുള്ള ദൃഢമായ ആത്മബന്ധം ഓർത്തെടുത്ത കെ.സി. വേണുഗോപാലിന്റെ വികാരനിർഭരമായ പ്രസംഗം സദസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു.
ജനങ്ങൾക്കിടയിൽ നിന്നുയർന്ന് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന നേതാക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉദാത്ത ഉദാഹരണമാണ് ടി.എൻ. പ്രതാപനെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
“പരിമിതികളുണ്ടെങ്കിലും നിലപാടുകളിൽ ഉറച്ചുനിന്ന് ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയ ആത്മാവാണ് പ്രതാപൻ — അതാണ് ഈ പുസ്തകത്തിന്റെ ആത്മാവ്” എന്നും അദ്ദേഹം പറഞ്ഞു.

