the digital signature of the temple city

പഴമയുടെ പെരുമയിൽ ഗുരുപവനപുരം; ഇടത്തരികത്ത്കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി; 69 വർഷം മുൻപ് ചെലവ് 299 രൂപ

സാമൂതിരി രേഖകൾ തെളിയിക്കുന്ന ആചാരാവകാശങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലെ അപൂർവ അനുഷ്ഠാനപരമ്പരയും

- Advertisement - Guruvayoor image

ഗുരുവായൂർ: ചരിത്രവും ആചാരവും അനുഷ്ഠാനവും ഒരുപോലെ ജീവിക്കുന്ന ഗുരുപവനപുരിയിൽ, ഇടത്തരികത്ത്കാവ് ഭഗവതിക്ക് ദേവസ്വം വകയായി വീണ്ടും ഒരു താലപ്പൊലി സുദിനം. കാലം മാറി, കണക്കുകൾ മാറി, ഭരണക്രമങ്ങൾ മാറി. എന്നാൽ ആചാരവും അനുഷ്ഠാനവും പാരമ്പര്യവും മാറ്റമില്ലാതെ തുടരുന്ന അപൂർവ മഹാക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. അതിന്റെ ജീവനുള്ള സാക്ഷ്യമാണ് ഇടത്തരികത്ത്കാവ് ഭഗവതിയുടെ ദേവസ്വം വക താലപ്പൊലി. 2026 ഫെബ്രുവരി 6, വെള്ളിയാഴ്ച, വീണ്ടും ഗുരുവായൂർ ക്ഷേത്രം ഈ പൗരാണിക ആചാരത്തിന്റെ സുദിനത്തിന് സാക്ഷിയാകുന്നു.

ഉപദേവതാ സങ്കൽപ്പത്തിലായിരുന്നാലും, ഗുരുവായൂരപ്പന്റെ ശ്രീമൂലസ്ഥാനവുമായി ആത്മബന്ധമുള്ള ദേവതയാണ് ഇടത്തരികത്ത്കാവ് ഭഗവതി. താലപ്പൊലി ദിനത്തിൽ, ശ്രീമൂലസ്ഥാനത്തിൽ നിന്ന് ഭഗവതിയെ പ്രദക്ഷിണമായി എഴുന്നള്ളിച്ച് ഇടത്തരികത്ത്കാവിലേക്ക് തിരികെ എഴുന്നള്ളിക്കുന്ന ചടങ്ങ് നൂറ്റാണ്ടുകളായി തുടരുന്ന ആചാരപരമ്പരയാണ്. ക്ഷേത്രചരിത്രത്തിലെ അപൂർവ അനുഷ്ഠാനങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

നിത്യപൂജകൾക്ക് മുൻഗണന: ശീവേലി മുൻപേ പൂർത്തിയാക്കുന്ന ആചാരം

താലപ്പൊലി ദിനത്തിൽ ഗുരുവായൂരപ്പന്റെ നിത്യപൂജകളും ശീവേലി ചടങ്ങുകളും പതിവിലും മുൻപേ പൂർത്തിയാക്കി ശ്രീകോവിൽ അടച്ചശേഷമാണ് ഭഗവതിയെ എഴുന്നള്ളിക്കുന്നത്. വെളിച്ചപ്പാടിന്റെ സാന്നിധ്യത്തിൽ മാത്രമേ ഈ എഴുന്നള്ളിപ്പ് നടക്കാറുള്ളൂ. ഈ ക്രമവും ചടങ്ങും അതിപുരാതനമായ സംപ്രദായത്തിന്റെ ഭാഗമാണ്. ദേവതാസങ്കൽപ്പങ്ങളിലെ ശ്രേണിക്രമവും ക്ഷേത്രാചാരങ്ങളുടെ കൃത്യതയും ഇതിലൂടെ വ്യക്തമാകുന്നു.

പാരമ്പര്യാവകാശങ്ങൾ: ചുമതലയും അവകാശവും ഒരുപോലെ

പുരാതന കാലം മുതൽ തന്നെ ക്ഷേത്രനടപടിക്രമങ്ങൾ അതീവ കൃത്യമായ ആചാരസംപ്രദായത്തിലൂടെയാണ് നടത്തപ്പെട്ടിരുന്നത്. ഓരോ ചടങ്ങിനും പ്രത്യേക വിഭാഗങ്ങളെ പാരമ്പര്യമായി ചുമതല ഏൽപ്പിക്കുകയും, അതിനനുസരിച്ചുള്ള അവകാശങ്ങൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. താലപ്പൊലി ചടങ്ങിനോടനുബന്ധിച്ച് മാരാർക്കും വെളിച്ചപ്പാടിനും ലഭിച്ചിരുന്ന അവകാശങ്ങൾ ഇതിന്റെ തെളിവാണ്.

69 വർഷം മുൻപത്തെ കണക്കുകൾ: ചരിത്രരേഖകളിലെ സാക്ഷ്യം

1957-ൽ (മലയാള വർഷം 1132) നടന്ന ഇടത്തരികത്ത്കാവ് ഭഗവതിയുടെ ദേവസ്വം വക താലപ്പൊലിക്കായി ഗുരുവായൂർ ദേവസ്വം ചെലവഴിച്ചത് 299 രൂപ 8 അണ 6 പൈസ എന്നതാണ് സാമൂതിരി ഭരണകാലത്തെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നത്. ഇന്ന് ലക്ഷങ്ങൾ ചെലവാകുന്ന ചടങ്ങുകളുമായി താരതമ്യം ചെയ്യുമ്പോൾ, അന്നത്തെ കാലഘട്ടത്തിന്റെ ഭരണസംവിധാനവും കണക്കെടുപ്പും എത്ര കൃത്യമായിരുന്നുവെന്നതിന്റെ തെളിവാണ് ഈ രേഖ.

ഭഗവതിക്ക് പറവെപ്പ് നടത്തുമ്പോൾ ലഭിക്കുന്ന വഴിപാടു സാധനങ്ങൾ ലേലം ചെയ്തു ലഭിക്കുന്ന തുകയിൽ മൂന്നിൽ ഒരു ഭാഗം (7 രൂപ 12 അണ 6 പൈസ) ക്ഷേത്രം അടിയന്തിരം മാരാർക്കും വെളിച്ചപ്പാടിനും അവകാശപ്പെട്ടതാണെന്നും സാമൂതിരി രേഖകൾ വ്യക്തമാക്കുന്നു. ഓരോ ആചാരത്തിനും പ്രത്യേക അവകാശങ്ങൾ നിശ്ചയിച്ച്, പാരമ്പര്യമായി ചുമതലകൾ ഏൽപ്പിച്ചിരുന്ന ക്ഷേത്രനടപടിക്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.

സാമൂതിരി തിട്ടൂരം – ചരിത്രത്തിന്റെ ഔദ്യോഗിക രേഖ

1132 ധനു 24-ന് ഇടത്തരികത്ത്കാവിൽ ദേവസ്വം വകയായി നടത്തിയ താലപ്പൊലിയുടെ ചെലവിനുള്ള ബിൽ സഹിതം ഗുരുവായൂർ ദേവസ്വം മാനേജർ സമർപ്പിച്ച റിപ്പോർട്ട് സാമൂതിരി രാജാവ് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തതായി രേഖകളിലുണ്ട്.
299 രൂപ 8 അണ 6 പൈസയുടെ ബിൽ പാസാക്കിയതോടൊപ്പം, പറവെപ്പ് വഴിപാടിൽ നിന്നുള്ള തുകയുടെ മൂന്നിൽ ഒരു ഭാഗം അവകാശക്കാർക്ക് നൽകാനും അനുമതി നൽകിയിരുന്നു. 1132 കുംഭം 21-ന് സാമൂതിരി രാജാവിന്റെ ഒപ്പോടുകൂടിയാണ് ഈ ഉത്തരവ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ആചാരം മാറാതെ, കാലം മാറി

കാലവും കണക്കുകളും ഭരണസംവിധാനങ്ങളും മാറിയിട്ടുണ്ടെങ്കിലും, ഗുരുവായൂരപ്പന്റെയും ഇടത്തരികത്ത്കാവ് ഭഗവതിയുടെയും ചടങ്ങുകൾ ആചാരസംപ്രദായം മാറ്റാതെ ഇന്നും കൃത്യമായി തുടരുന്നു എന്നതാണ് ഗുരുപവനപുരത്തിന്റെ മഹത്വം. ഭക്തജനങ്ങളുടെ സാന്നിധ്യത്തോടെ, ചിട്ടയായ നടപടികളോടെ, അനുഷ്ഠാനപരമ്പര നിലനിര്‍ത്തുന്ന മഹാക്ഷേത്രമായി ഗുരുവായൂർ ഇന്നും നിലകൊള്ളുന്നു.

ഉത്സവലഹരിയിൽ 2026-ലെ താലപ്പൊലി

വെള്ളിയാഴ്ച രാവിലെ എണ്ണ അഭിഷേകം മുതൽ പതിവ് പൂജകൾ, ഉച്ചയ്ക്ക് എഴുന്നള്ളിപ്പ്, പറയെടുപ്പ്, പഞ്ചവാദ്യം, മേളം, തായമ്പക, അഷ്ടപദി എന്നിവയോടൊപ്പം നൃത്തനൃത്യങ്ങൾ ഉൾപ്പെടുന്ന കലാപരിപാടികളും അരങ്ങേറും. ഇതോടെ 2026-ലെ ഇടത്തരികത്ത്കാവ് ഭഗവതിയുടെ ദേവസ്വം വക താലപ്പൊലി ഒരു ഉത്സവാന്തരീക്ഷമായി മാറും. ചരിത്രവും വിശ്വാസവും ആചാരവും ഒരുമിച്ച് ജീവിക്കുന്ന ഈ മഹാക്ഷേത്രം, വീണ്ടും ഒരുദിനം കൂടി ഭൂലോക വൈകുണ്ഠമായി മാറുന്ന കാഴ്ചയ്ക്കാണ് ഭക്തലോകം സാക്ഷിയാകുന്നത്.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts